Sunday, May 5, 2024
keralaNewsObituary

ഡോ. വന്ദനയ്ക്ക് ശരീരത്തിലേറ്റത് 11 കുത്തുകള്‍

കേസിലെ പ്രതി സന്ദീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി സന്ദീപ്, വനിത ഹൗസ് സര്‍ജയായ ഡോ.വന്ദനയെ ശരീരത്തില്‍ 11 കുത്തുകളെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 22 കാരിയായ ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകള്‍ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം നാളെയാണ് സംസ്‌കാരം.കേസിലെ പ്രതി സന്ദീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടര്‍മാരുടെ പണിമുടക്ക് തുടരും. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനം ഓര്‍ഡിനന്‍സായി എത്രയും വേഗം പാസാക്കണമെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.കേരളത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്ന് ഇന്ന് പുലര്‍ച്ചെയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച സന്ദീപ് ഹൗസ് സര്‍ജനായ വനിതാ ഡോക്ടര്‍ 22 കാരിയായ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയില്‍ വ്യാപാരിയായ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. കൊലയാളി കുവട്ടൂര്‍ സ്വദേശി സന്ദീപ് നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനാണ്. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയര്‍ന്നു. ഒരു പ്രകോപനവും ഇല്ലാതെയാണ് സന്ദീപ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആക്രമണം തുടങ്ങിയപ്പോള്‍ പൊലീസ് അടക്കം എല്ലാവരും ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് അക്രമിക്കു മുന്നില്‍ ഡോക്ടര്‍ വന്ദന ദാസ് മാത്രം അകപ്പെട്ടു. നിസ്സഹായയായ പെണ്‍കുട്ടിയെ അക്രമി തുരുതുരാ കുത്തിയെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. എന്നാല്‍ ഈ വിവരങ്ങള്‍ക്കെല്ലാം വിരുദ്ധമായാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. പൊലീസുകാര്‍ക്ക് കുത്തേറ്റത് വന്ദനയെ ആക്രമിക്കുന്നത് തടഞ്ഞപ്പോഴാണെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് വീഴ്ച നിഷേധിക്കുകയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍. പ്രതിയായല്ല സന്ദീപിനെ ആശുപത്രിയില്‍ കൊണ്ട് പോയത് എന്ന് എ ഡി ജി പി അജിത് കുമാര്‍ പറഞ്ഞു. നാട്ടുകാര്‍ മര്‍ദിച്ചുവെന്ന സന്ദീപിന്റെ പരാതി പരിശോധിക്കാനാണ് പൊലീസ് സ്ഥലത്ത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.