Friday, May 17, 2024
keralaNewspolitics

നിയമസഭയില്‍ എല്‍ഡിഎഫ് ചെയ്തതുപോലെ ഹീനമായ കാര്യം ഒരിക്കലും യുഡിഎഫ് നടത്തിയിട്ടില്ല. വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഇപ്പോള്‍ നല്ലപിള്ള ചമയുകയാണ്. ഓരോ അതിക്രമവും ചെയ്തുകഴിഞ്ഞിട്ട് ആ അതിക്രമത്തെ തള്ളിപ്പറയുന്നതാണ് സിപിഎമ്മിന്റെ പതിവ് ശൈലി.

ടിപി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടുണ്ട്. ആ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം അപലപിക്കുന്നതെന്നും വി.ഡി സതീശന്‍ പരിഹസിച്ചു.                                               

മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

മുഖ്യമന്ത്രിക്ക് മറവിരോഗമാണെന്നും ഇന്നലെ വരെയുള്ള കാര്യങ്ങള്‍ മറന്നാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും വി.ഡി സതീശന്‍ ആരോപിച്ചു. പിണറായിയുടെ വിവാദ പരാമര്‍ശങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

നിയമസഭയില്‍ എല്‍ഡിഎഫ് ചെയ്തതുപോലെ ഹീനമായ കാര്യം ഒരിക്കലും യുഡിഎഫ് നടത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂപമണ്ഡൂകമാണെന്നും മുന്‍കാല ചെയ്തികള്‍ മറന്നതുപോലെയാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗാന്ധിചിത്രം താഴെയിട്ടത് കോണ്‍ഗ്രസുകാരാണെന്ന് മുഖ്യമന്ത്രിക്കെങ്ങനെ പറയാനാകുമെന്നും വി.ഡി സതീശന്‍ ചോദിച്ചു.                                                                                                         

തകര്‍ത്തത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടക്കുന്ന കേസില്‍ നടത്തിയ പ്രസ്താവന അനൗചിത്യമാണ്.

ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിലപാട് പറയുന്നത് ശരിയല്ല. മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തുമ്പോള്‍ സത്യം മറിച്ചാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെ മാറ്റി പറയാന്‍ സാധിക്കുമെന്നും നിഷ്പക്ഷ അന്വേഷണം നടക്കില്ലെന്നും സതീശന്‍ പറഞ്ഞു.

പ്രതിപക്ഷത്തിനെതിരായ ഒരു അതിക്രമത്തിലും പോലീസ് നടപടിയില്ല. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ പോലും അറസ്റ്റ് ചെയ്യും. എന്നാല്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ പോലും കേസെടുത്തില്ല.

മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കേണ്ടത് ചോദിക്കുക തന്നെ ചെയ്യും. അത് വിലക്കാന്‍ ആരും ശ്രമിക്കണ്ട. പ്രതിപക്ഷം ഒരു ചോദ്യത്തേയും ഭയക്കുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്താന്‍ ഒരു റിപ്പോര്‍ട്ടര്‍ ശ്രമിച്ചപ്പോഴാണ് മാദ്ധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചത്. ഉത്തരം നല്‍കിയിട്ടും ഒരേചോദ്യം തന്നെ ആവര്‍ത്തിച്ച് ശല്യപ്പെടുത്തി.

അപ്പോഴാണ് പ്രതികരിച്ചത്. മാദ്ധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് പ്രതിപക്ഷമല്ല പിണറായിയാണെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.