Thursday, May 2, 2024
educationkeralaNews

സര്‍ക്കാരിന്റെ ആവശ്യം തള്ളി; സിസ തോമസിന് കെടിയു വിസിയായി തുടരാം

കൊച്ചി:  ഡോ. സിസ തോമസിനെ സാങ്കേതിക സര്‍വകലാശാലയില്‍ താത്കാലിക വൈസ് ചാന്‍സലറായി നിയമിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സിസയുടെ നിയമനം സ്റ്റേ ചെയ്ത് കൊണ്ട് ഇടക്കാല ഉത്തരവ് വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തില്‍ കെടിയു താത്കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ച ഡോ. സിസ തോമസിന് തുടരാം.ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് നിരീക്ഷിച്ച കോടതി വെള്ളിയാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കുമെന്ന് അറിയിച്ചു. കൂടാതെ ഹര്‍ജിയില്‍ യുജിസിയെ കൂടി കക്ഷി ചേര്‍ക്കാനാണ് കോടതിയുടെ നിര്‍ദേശം. ഒപ്പം ചാന്‍സലറായ ഗവര്‍ണര്‍ക്കും വിസിയായ സിസ തോമസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്ത തവണ വാദം കേള്‍ക്കുമ്പോഴേക്കും ചാന്‍സലറും വിസിയും വിശദീകരണം നല്‍കേണ്ടി വരും. ഏതെങ്കിലും സര്‍വകലാശാലയില്‍ വിസിയുടെ ഒഴിവ് വന്നാല്‍ പാലിക്കേണ്ടതായ ചില ചട്ടങ്ങളുണ്ടെന്നും അതിനെല്ലാം വിരുദ്ധമായാണ് ഗവര്‍ണര്‍ നിയമനം നടത്തിയതെന്നുമായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. എന്നാല്‍, യുജിസി നിഷ്‌കര്‍ഷിക്കുന്ന നിയമപ്രകാരമാണ് സിസ തോമസിനെ നിയമിച്ചതെന്ന് ചാന്‍സലറുടെ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരണം നല്‍കി. ഈ ഘട്ടത്തിലാണ് വിശദമായ വാദം കേള്‍ക്കുന്നതിന് വേണ്ടി യുജിസിയെ കൂടി കക്ഷി ചേര്‍ക്കാന്‍ കോടതി തീരുമാനിച്ചത്. വെള്ളിയാഴ്ച കേസ് പരിഗണിക്കവെ യുജിസി എടുക്കുന്ന നിലപാട് ഏറെ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.