Saturday, April 27, 2024
keralaNews

മീനങ്ങാടിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ തുറന്നുവിടാന്‍ തീരുമാനം.

വയനാട് മീനങ്ങാടി മണ്ഡകവയലില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ തുറന്നുവിടാന്‍ തീരുമാനം. നാല് മാസം പ്രായമായ കടുവക്കുട്ടിയാണ് കൂട്ടിലകപ്പെട്ടത്. തള്ളക്കടുവയും മറ്റൊരു കുട്ടിയും പ്രദേശത്തു തന്നെ തുടരുകയാണ്. നാല് മാസം പ്രായമായ കുട്ടിയായതിനാല്‍ പിടികൂടാന്‍ നിയമം അനുവദിക്കുന്നില്ല. ഇതോടെയാണ് കടുവക്കുട്ടിയെ തുറന്നുവിടാന്‍ തീരുമാനമായത്. കടുവക്കുട്ടിയെ തുറന്നുവിടുന്നതിന് കുങ്കി ആനകളെ ഉള്‍പ്പെടെ സ്ഥലത്തെത്തിച്ചു. കടുവകള്‍ പരിസരത്ത് തന്നെ തുടരുന്നതിനാലാണ് ആനകളെ ഉള്‍പ്പെടെ എത്തിച്ചത്. വന്‍ സുരക്ഷയാണ് വനംവപ്പ് ക്രമീകരിച്ചിരിക്കുന്നത്.

നാട്ടിലിറങ്ങിയ കടുവ വളര്‍ത്തുമൃഗങ്ങളെ പിടികൂടാന്‍ തുടങ്ങിയതോടെയാണ് കൂടു സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഒരു വയസ്സുള്ള പശുക്കിടാവിനെ കടുവ ആക്രമിച്ചിരുന്നു. എസ്റ്റേറ്റിനുള്ളില്‍ മാനിനേയും കൊന്നു. മൈലമ്പാടി, പുല്ലുമല, മണ്ഡകവയല്‍, ആവയല്‍, കൃഷ്ണഗിരി, സിസി, വാകേരി പ്രദേശങ്ങള്‍ ഒരു മാസത്തിലധികമായി കടുവാഭീതിയിലാണ്. വാകേരിക്കടുത്ത് ജനവാസമേഖലയില്‍ കടുവയും കുട്ടികളും റോന്ത് ചുറ്റിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. ഈ കൂട്ടികളിലൊന്നായിരിക്കാം കൂട്ടില്‍ കുടുങ്ങിയത്. തോട്ടംമേഖല കൂടുതലുള്ളതിനാല്‍ ഇവിടെ വന്യമൃഗശല്യം രൂക്ഷമാണ്.