Saturday, May 4, 2024
keralaNews

ആചാരങ്ങള്‍ സംരക്ഷിക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെ ചുമതല .

ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ സംരക്ഷിക്കുവാനുള്ള നിയമപരമായ ചുമതല ദേവസ്വം ബോര്‍ഡിനാണെന്ന് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. ജി. രാമന്‍ നായര്‍ പറഞ്ഞു.വൈക്കത്തഷ്ടമി ആചാരങ്ങളില്‍ നിന്നും ആനയെ ഒഴിവാക്കിയ ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വടക്കേ നടയില്‍ നടന്ന നാമജപയജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം നിയമം അനുസരിച്ച് ആചാരങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബോര്‍ഡിനാണ് അധികാരം. ദേവസ്വം ബോര്‍ഡ് ഒരു സ്വയംഭരണ സ്ഥാപനമാണ്. ബോര്‍ഡിന്റെ അധികാരത്തില്‍ കൈകടത്താന്‍ സര്‍ക്കാരിനോ മറ്റുള്ളവര്‍ക്കോ കഴിയില്ല. ഇവിടെ കൊറോണയുടെ മറവില്‍ ഉത്തരവാദിത്വം ജില്ലാ അധികാരികളുടെ തലയില്‍ കെട്ടിവെച്ച് ബോര്‍ഡ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ബോര്‍ഡിനെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ക്ക് നിയമസാധുകരണമില്ല. ക്ഷേത്രാചാരങ്ങള്‍ തകര്‍ത്ത് വിശ്വാസികളെ വെല്ലുവിളിക്കുന്നവര്‍ ശബരിമലയുടെ അനുഭവം മറക്കരുതു്. ക്ഷേത്ര വിശ്വാസികള്‍ക്ക് ആവശ്യമില്ലാത്ത ബോര്‍ഡിനെ പിരിച്ചുവിടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും രാമന്‍ നായര്‍ പറഞ്ഞു.