Sunday, May 5, 2024
keralaNews

ടൂറിസം മേഖല വെല്ലുവിളികളെ നേരിട്ട് മുന്നേറ്റം കൈവരിച്ചു. മുഖ്യമന്ത്രി.

സംസ്ഥാനത്ത് നിരവധിയായ വെല്ലുവിളികളെ നേരിട്ട് ടൂറിസം മേഖല മുന്നേറ്റം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.എരുമേലി കൊരട്ടിയില്‍ ഡിറ്റിപിസി രണ്ട് കോടി രൂപ മുടക്കി നിര്‍മ്മിച്ച എരുമേലി ടൂറിസം ഹബ്ബിന്റ ഉദ്ഘാടനം ഓണ്‍ ലൈന്‍ വഴി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ടൂറിസം മേഖലയില്‍ വിനോദ സഞ്ചാരികള്‍ക്കായി സംസ്ഥാനത്ത് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.കൊല്ലം ആശ്രാമം മൈതാനം,അഷ്ടമുടി വില്ലേജിലെ മ്യൂസിയം,ആറന്‍മുള ഉത്രട്ടാതി,വള്ളംകളി മത്സരം നടക്കുന്ന
കേന്ദ്രം,കൊട്ടാരക്കരയിലെ ഉലവം തോടിന്റെ സംരക്ഷണം,വെച്ചുച്ചിറയിലെ പെരുന്തേനരുവി വികസനം, അരൂരിലെ തണുത്ത കായല്‍ തീരം പദ്ധതി,അരുക്കുറ്റിയിലെ ഹൗസ് ബോട്ട് ടെര്‍മിനല്‍,ഇടുക്കിയിലെ രാമക്കല്‍മേട്,കുമരകത്ത് തനത് കലാരൂപങ്ങള്‍ക്കായുള്ള പദ്ധതി,എരുമേലിയിലെ പില്‍ഗ്രിം ഹബ്ബ്,ഇക്കോ ടൂറിസം പദ്ധതിയില്‍പ്പെടുത്തി മേപ്പാറ റോപ്പ് വില്ലേജ്,തിരൂരിലെ തുഞ്ചന്‍ സ്മാരക മ്യൂസിയം, അരിപ്പാറ വെള്ളച്ചാട്ടം,കപ്പാട് ബീച്ച്,തോണിക്കടവ്,വയനാട്ടിലെ കാരപ്പുഴ ഡാം,പാണ്ഡവന്‍പ്പാറ വെള്ളച്ചാട്ടം,പഴശ്ശി പാര്‍ക്ക് , തലശ്ശേരിയിലെ വിവിധ പദ്ധതികള്‍ അടക്കം സര്‍ക്കാര്‍ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്കായി നിരവധി പദ്ധതികളാണ് തുറന്നതെന്നും അദ്ദേഹം പറഞ്ഞു.ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലി കൊരട്ടിയില്‍ രണ്ട് കോടി രൂപ ചിലവില്‍ റസ്റ്റോറന്റ്,ശൗചാലയംബ്ലോക്ക്,വി ഐ പി റൂം,കുട്ടികള്‍ക്ക് കളിസ്ഥലം എന്നിവയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ടൂറിസം -ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പൂഞ്ഞാര്‍ എം എല്‍ എ പി.സി ജോര്‍ജ്ജ്,ടൂറിസം സെക്രട്ടറി ഡോ. ബിന്ദു.എസ് നായര്‍,ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്ജ് കുട്ടി,വൈസ് പ്രസിഡന്റ് ഇ .ജെ ബിനോയി,ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ്,പഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി, ഷാനവാസ് പി എ, വി ഐ അജി,അനുശ്രീ,ഹര്‍ഷകുമാര്‍, വ്യാപര വ്യാവസായി ഏകോപന സമിതി പ്രസിഡന്റ് മുജീബ് റഹ്മാന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി കെ ബാബു , റ്റി വി ജോസഫ് എന്നിവര്‍ സംസാരിച്ചു.