Monday, May 6, 2024
keralaNewspolitics

തിരുവനന്തപുരത്ത് മികച്ച പ്രകടനത്തിനൊരുങ്ങി ബിജെപി.

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവെക്കാമെന്ന പ്രതീക്ഷയില്‍ ബിജെപി. ഇതിന്റെ ഭാഗമായി തലസ്ഥാനത്തെ മണ്ഡലങ്ങളില്‍ ആറോളം നേതാക്കള്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. കുമ്മനം രാജശേഖരന്‍ നേമത്തും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും വി മുരളീധരന്‍ കഴക്കൂട്ടത്തും വിവി രാജേഷ് വട്ടിയൂര്‍ക്കാവിലും സംസ്ഥാന സമിതി അംഗം സുധീര്‍ ആറ്റിങ്ങലിലും പ്രചരണം ആരംഭിച്ചു കഴിഞ്ഞു. നേരത്തെ തന്നെ പ്രചരണം ആരംഭിച്ച് മേല്‍ക്കൈ നേടി തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കുക എന്ന പദ്ധതിയാണ് ബിജെപി നടപ്പിലാക്കുന്നത്.എന്നാല്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനോട് വര്‍ക്കലയില്‍ മത്സരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. അങ്ങനെയെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന കെ സുരേന്ദ്രന്‍ വര്‍ക്കലയില്‍ മത്സരത്തിനിറങ്ങിയേക്കും. തിരുവനന്തപുരം ജില്ലയില്‍ താന്‍ മത്സരിക്കാനിറങ്ങിയാലുള്ള സാധ്യതകള്‍ അറിയുന്നതിന് വേണ്ടി സുരേഷ് ഗോപി ഒരു ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ട്.നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളാണ് ഏജന്‍സി നിര്‍ദേശിച്ചത്. എന്നാല്‍ ഈ മണ്ഡലങ്ങള്‍ക്ക് പകരം തിരുവനന്തപുരം മണ്ഡലമാണ് സുരേഷ് ഗോപിയോട് ബിജെപി നേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍ ഈ മണ്ഡലത്തില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് താല്‍പര്യമില്ല. ഇതോടെ സുരേഷ് ഗോപി തൃശ്ശൂര്‍ ജില്ലയില്‍ മത്സരിക്കാനാണ് സാധ്യത എന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. നടന്‍ തൃശ്ശൂര്‍ ജില്ലയിലാണ് മത്സരിക്കുന്നതെങ്കില്‍ തൃശ്ശൂര്‍ നിയോജക മണ്ഡലത്തിലാവും മത്സരിക്കുക.