Friday, April 26, 2024
indiakeralaNews

തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി:  ആധാറുമായി  തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്  ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് നിയമ ഭേദഗതിക്കായി വിജ്ഞാപനം പുറത്തിറക്കി. കള്ളവോട്ട് തടയുന്നതും, വോട്ടര്‍പട്ടിക കുറ്റമറ്റതാക്കുന്നതുമാണ് പുതിയ നിയമഭേദഗതി. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ രാജ്യത്തെ തിരഞ്ഞെടുപ്പ് നടപടി ക്രമത്തില്‍ നിര്‍ണായക പരിഷ്‌കാരത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്.കള്ളവോട്ട് തടയുന്നതിനും ഒരാള്‍ തന്നെ രണ്ടിടങ്ങളില്‍ വോട്ട് ചെയ്യുന്നത് തടയാനും നിയമ ഭേദഗതിയിലൂടെ സാധിക്കും. കൂടാതെ ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് തിയതികളില്‍ പതിനെട്ട് വയസ്സ് തികയുന്നത് മാനദണ്ഡമാക്കി വര്‍ഷത്തില്‍ നാല് തവണ വോട്ടര്‍ പട്ടിക പുതുക്കുന്നതിനും നിയമ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. നിലവില്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുള്ളത്. തിരഞ്ഞെടുപ്പ് നിയമഭേദഗതി കഴിഞ്ഞ സമ്മേളന കാലയളവില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു.

നിയമഭേദഗതിയുടെ ഭാഗമായി പാര്‍ലമെന്റിന്റെ നിയമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഒറ്റ വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും, തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കാനുള്ള ചുമതല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമാണ്. ഇതിനു പകരം ഏകീകരിച്ച വോട്ടര്‍പട്ടിക തയ്യാറാക്കി എല്ലാ തിരഞ്ഞെടുപ്പുകളും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തുക എന്നതായിരുന്നു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ.