Friday, May 3, 2024
keralaNewsUncategorized

വനിത ഡോക്ടര്‍ക്ക് നേരെ ആക്രമണം: അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലെ വനിത ഡോക്ടര്‍ക്ക് നേരെ ആക്രമണം. അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത മരപ്പാലം സ്വദേശി വിവേകിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. ആക്രമണം തടയാന്‍ ശ്രമിച്ച പോലീസുകാരനും പരിക്കേറ്റു. തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചേ രണ്ട് മണിയോടുകൂടിയാണ് വനിത ഡോക്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. വിവേകും സഹോദരന്‍ വിഷ്ണുവും ചേര്‍ന്ന് മേശയും, കസേരയും, ജനലും, ആശുപത്രി ഉപകരണങ്ങളും അടിച്ചുതകര്‍ത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകരെ ഭീതിയിലാഴ്ത്തുന്ന രീതിയിലായിരുന്നു ആക്രമണം. തമ്പാനൂര്‍ പോലീസാണ് വിവേകിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാള്‍ വിളിച്ച് പറഞ്ഞതനുസരിച്ചാണ് സഹോദരന്‍ വിഷ്ണു ആശുപത്രിയിലേക്ക് എത്തിയത്. ഇരുവരും മുമ്പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. അക്രമികളെ വളരെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്.