Sunday, May 5, 2024
EntertainmentkeralaNews

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് ദിലീപ് ;അതിജീവിതയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി

കൊച്ചി :നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം നിഷേധിച്ച് നടന്‍. ദൃശ്യങ്ങള്‍ കയ്യിലില്ല. അന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കരുതെന്നു കോടതിയോട് ആവശ്യപ്പെട്ട ദിലീപ്. ഫോണുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം തടയണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.അതേസമയം ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറണമെന്ന അതിജീവിതയുടെ ആവശ്യം നിരസിച്ചു. ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു പിന്‍മാറണമെന്നായിരുന്നു ആവശ്യം. തുടരന്വേഷണത്തിന്റെ സമയപരിധി തീരുമാനിച്ചത് തന്റെ ബെഞ്ചെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. തുടരന്വേഷണം അട്ടിമറിക്കുന്നെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ജൂണ്‍ പത്തിലേക്കു മാറ്റിവച്ചു.

ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം മൂന്നുമാസം മുന്‍പു ക്രൈംബ്രാഞ്ചിനു കിട്ടിയതാണ്. വിവരങ്ങള്‍ മുഴുവന്‍ മുംബൈയിലെ ലാബില്‍ നിന്നു ലഭിച്ചതാണെന്നും ദിലീപ് പറയുന്നു. ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും ആ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ തുറക്കപ്പെട്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.