Monday, April 29, 2024
indiaNewsSports

ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലദേശിനെ അഞ്ചു റണ്‍സിന് തോല്‍പിച്ച് ടീം ഇന്ത്യ.

അഡ്‌ലെയ്ഡ് :ട്വന്റി20 ലോകകപ്പില്‍ ബംഗ്ലദേശിനെ അഞ്ചു റണ്‍സിനു തോല്‍പിച്ച് ടീം ഇന്ത്യ. മഴ കാരണം വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്‍സായി കുറച്ചപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ ബംഗ്ലദേശിനു സാധിച്ചുള്ളൂ. നാലു മത്സരങ്ങളില്‍ ആറു പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തിരുന്നു.മികച്ച രീതിയിലാണു ബംഗ്ലദേശ് മറുപടി ബാറ്റിങ് തുടങ്ങിയത്. ഓപ്പണര്‍ ലിറ്റന്‍ ദാസ് 21 പന്തില്‍ അര്‍ധ സെഞ്ചറി തികച്ചു. ബംഗ്ലദേശ് ഏഴ് ഓവറില്‍ വിക്കറ്റു പോകാതെ 66 റണ്‍സെടുത്തു നില്‍ക്കെയാണു മഴയെത്തിയത്. മഴയ്ക്കു ശേഷം കളി വീണ്ടും ആരംഭിച്ചപ്പോള്‍ ബംഗ്ലദേശിന്റെ വിജയ ലക്ഷ്യം 16 ഓവറില്‍ 151 ആക്കി ചുരുക്കി, അതായത് 54 പന്തില്‍ ജയിക്കാന്‍ വേണ്ടത് 85 റണ്‍സ്.

വമ്പനടികളുമായി കളം നിറഞ്ഞ ബംഗ്ലദേശിനു മഴയ്ക്കു ശേഷം ബാറ്റിങ്ങില്‍ അടി പതറി. 27 പന്തില്‍ 60 റണ്‍സെടുത്ത ലിറ്റന്‍ ദാസിനെ കെ.എല്‍. രാഹുല്‍ റണ്‍ഔട്ടാക്കി. സ്‌കോര്‍ 99 ല്‍ നില്‍ക്കെ നജ്മുല്‍ ഹുസൈന്‍ ഷാന്റോയെ (25 പന്തില്‍ 21) മുഹമ്മദ് ഷമി സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ചു. ഷാക്കിബ് അല്‍ ഹസന്‍ 12 പന്തില്‍ 13 റണ്‍സെടുത്തു പുറത്തായി. മധ്യനിരയില്‍ അഫിഫ് ഹുസൈനും (മൂന്ന്), യാസിര്‍ അലി (ഒന്ന്)ക്കും തിളങ്ങാനാകാതെ പോയത് ബംഗ്ലദേശിനു തിരിച്ചടിയായി. നൂറുല്‍ ഹസനും (14 പന്തില്‍ 25), ടസ്‌കിന്‍ അഹമ്മദും (ഏഴു പന്തില്‍ 12) പൊരുതിനോക്കിയെങ്കിലും വിജയ ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും ഹാര്‍ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റു വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.