Tuesday, April 30, 2024
keralaLocal NewsNews

ശബരിമല തീർത്ഥാടനം ; എരുമേലിയെ ചൂഷണരഹിതമാക്കി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം : ഹിന്ദു ഐക്യവേദി 

എരുമേലി: ശബരിമല  തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർക്ക്  അടിസ്ഥാനസൗകര്യങ്ങളൊന്നും നടപ്പാക്കാത്ത ദേവസ്വം ബോർഡിന്റെയും – സർക്കാരിന്റെയും നിഷേധാത്മക നിലപാടുകൾക്കെതിരെ ഹിന്ദു  ഐക്യ വേദിയുടെ നേതൃത്വത്തിൽ നവംബർ 4ന് വൈകിട്ട് 4 മണിക്ക് എരുമേലിയിൽ  അയ്യപ്പ ഭക്ത സംഗമം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എരുമേലിയിൽ നടക്കുന്ന ചടങ്ങിൽ വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദതീർത്ഥപാദർ
ഭദ്ര ദീപം പ്രകാശനം നടത്തും. സന്യാസി സഭ  മാർഗ്ഗദർശക് മണ്ഡൽ  സംസ്ഥാന ജന. സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും .  ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്  വത്സൻ തില്ലങ്കേരി സംഗമം ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ  വിവിധ സാമുദായിക സംഘടന നേതാക്കൾ പങ്കെടുക്കും.
ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശ കവാടവും  ആചാരാനുഷ്ടാനങ്ങളുടെ കേന്ദ്രവുമായ എരുമേലിക്ക് ശബരിമലയോളം പ്രാധാന്യം നൽകണമെന്നും,
എരുമേലിയിലെ  തീർത്ഥാടക ചൂഷണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ തീർത്ഥാടക സമിതി രൂപീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
തീർത്ഥാടനമാരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സൗകര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അവലോകന യോഗം വിളിക്കാത്ത നടപടി പ്രതിഷേധമാണെന്നും നേതാക്കൾ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല കളക്ടർക്ക്  നിവേദനം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. തീർത്ഥാടകർക്ക് വിരിവയ്ക്കാനും,യാത്ര ചെയ്യാനും,ആശുപത്രി സൗകര്യം, പേട്ടതുള്ളൽ പാത വാഹന വിമുക്തമാക്കൽ അടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയിരിക്കുന്നത്.
എരുമേലിയിൽ ചൂഷണം നടന്നാൽ അതിനെ നേരിടുമെന്നും  നേതാക്കൾ പറഞ്ഞു. എരുമേലിയിൽ നടന്ന പത്ര സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി കാഞ്ഞിരപ്പള്ളി താലൂക്ക് വൈസ് പ്രസിഡൻ്റ് ഹരികൃഷ്ണൻ കനകപ്പലം, ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മഞ്ചു ദിലീപ്, ബി എം എസ് ജില്ല ജോ.സെക്രട്ടറി കെ ആർ രതീഷ് മുക്കൂട്ടുതറ, അയ്യപ്പ ഭക്ത സംഗമം സംഘാടക സമിതി ജനറൽ കൺവീനർ റ്റി ആർ സുരേഷ് മണിപ്പുഴ എന്നിവർ പങ്കെടുത്തു.