Wednesday, May 15, 2024
keralaNewspolitics

പുതുപ്പളളിയില്‍ 10 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു

കോട്ടയം : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ 10 പത്രികകള്‍ ലഭിച്ചു .എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികളെ കൂടാതെ ആം ആദ്മി പാര്‍ട്ടിയും, ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.                                                                             ലൂക്ക് തോമസാണ് ആപ് സ്ഥാനാര്‍ഥി. ഇടത് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്റെ ഡമ്മിയായി സി പി എം നേതാവ് റെജി സഖറിയയും പത്രിക നല്‍കി. പ്രമുഖ സ്ഥാനാര്‍ഥികളുടെ പേരിനോട് സാമ്യമുള്ള ആരും പത്രിക നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി ജെയ്ക് സി തോമസും, യുഡിഎഫിന് വേണ്ടി ചാണ്ടി ഉമ്മനും, എന്‍ഡിഎയ്ക്ക് വേണ്ടി ലിജിന്‍ ലാലുമാണ് മത്സര രംഗത്തുള്ളത്. രണ്ട് തവണ ഉമ്മന്‍ചാണ്ടിയോട് തോറ്റ ജെയ്ക്ക് മൂന്നാം അങ്കത്തിനായാണ് ഇറങ്ങുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നല്‍കിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മകന്‍ തന്നെ ഉപതെരഞ്ഞെടുപ്പില്‍ അങ്കത്തിന് ഇറങ്ങുന്ന സാഹചര്യത്തില്‍ വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.