Sunday, May 5, 2024
keralaNewspolitics

പുറത്തെത്തുന്നത് ‘വമ്പന്‍ സ്രാവുകള്‍’; വീണ്ടും വലിയ വെളിപ്പെടുത്തല്‍: വിവാദം

കസ്റ്റംസ് പ്രിവന്റീവ് വീണ്ടും കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. ജൂലൈ 3 നു നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തു കേസിലൂടെ കുടത്തിലെ ഭൂതത്തെ തുറന്നുവിട്ട കസ്റ്റംസ്, ഡോളര്‍ കടത്തു കേസില്‍ നിര്‍ണായക വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചാണ് വീണ്ടും ശ്രദ്ധ നേടിയത്. സ്വര്‍ണം പിടികൂടിയതു കസ്റ്റംസ് ആണെങ്കിലും എന്‍ഐഎ, ഇഡി, ആദായനികുതി വകുപ്പ്, സിബിഐ എന്നീ ഏജന്‍സികളെല്ലാം സ്വര്‍ണക്കടത്തും അനുബന്ധ കേസുകളും അന്വേഷിക്കുകയും ആഴ്ചകളോളം പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ, സ്വപ്നയും സരിത്തും നല്‍കിയ മൊഴിയില്‍ നിന്നു ഡോളര്‍ കടത്തു കേസ് പിറന്നതോടെ സംഭവങ്ങളുടെ ഗതിമാറി. ഒക്ടോബര്‍ 15ന് ആണ് ഈ കേസിന്റെ ഒക്കറന്‍സ് റിപ്പോര്‍ട്ട് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കുന്നത്.മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയടക്കം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നിര്‍ണായക വെളിപ്പെടുത്തലും ഈ റിപ്പോര്‍ട്ടിലൂടെയാണു പുറത്തു വന്നത്. ഒടുവില്‍, നവംബറില്‍ കസ്റ്റംസ് കസ്റ്റഡിയിലിരിക്കെ സ്വപ്നയും സരിത്തും നല്‍കിയ മൊഴികളെ അടിസ്ഥാനമാക്കി, സാമ്പത്തിക കുറ്റവിചാരണക്കോടതി നടത്തിയ ‘വമ്പന്‍ സ്രാവുകള്‍’ പരാമര്‍ശം വിവാദങ്ങള്‍ക്കു വഴിമരുന്നിട്ടു. തുടര്‍ന്നാണു സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (3) രേഖപ്പെടുത്തിയത്. അട്ടക്കുളങ്ങര ജയിലില്‍ തനിക്കു സുരക്ഷാഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതിയും ജയില്‍ അധികൃതരുടെ നിഷേധവും സ്വപ്നയുടെ ശബ്ദരേഖയും അടക്കമുള്ള വിവാദങ്ങളും ഇതിനിടെ ഉയര്‍ന്നു.ഡോളര്‍ കേസില്‍ ഉന്നതര്‍ക്കു പങ്കുണ്ടെന്ന വാര്‍ത്തകള്‍ വിവാദമുയര്‍ത്തുന്നതിനിടെ, നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇതിനു ശേഷം, മസ്‌കത്തില്‍ വിദ്യാഭ്യാസ സ്ഥാപനമുടമയായ പ്രവാസി മലയാളിയെയും പൊന്നാനി സ്വദേശിയെയും ചോദ്യം ചെയ്തുവെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഇതും ആരോപണങ്ങള്‍ക്കു വഴിവച്ചിരിക്കെയാണു ഹൈക്കോടതിയില്‍ വെളിപ്പെടുത്തലുകളുമായി കസ്റ്റംസ് വീണ്ടുമെത്തിയത്.