Monday, April 29, 2024
keralaNews

സര്‍വീസില്‍ ഇരുന്ന സമയത്ത് ശ്രീലേഖ അത്തരമൊരു പരാതി തന്നെ അറിയിച്ചിട്ടില്ലെന്ന് :മുഖ്യമന്ത്രി.

തിരുവനന്തപുരം: കേരള പോലീസില്‍ വനിത ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളില്‍ നിന്ന് ലൈംഗികചൂഷണം ഉള്‍പ്പെടെ നേരിടേണ്ടി വന്നുവെന്ന മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ നിയമസഭയില്‍ ഉന്നയിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ സര്‍വീസില്‍ ഇരുന്ന സമയത്ത് ശ്രീലേഖ അത്തരമൊരു പരാതി തന്നെ അറിയിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ മറുപടിയായി പറഞ്ഞു.അവര്‍ക്കുള്ള ആഗ്രഹം അവര്‍ പറഞ്ഞിട്ടുണ്ട്. ഏതൊരു പോലീസ് ഓഫീസര്‍ക്കും ഉണ്ടാകുന്ന ആഗ്രഹമാണത്. ആ ആഗ്രഹം അവര്‍ പറഞ്ഞതില്‍ തെറ്റില്ല. തെറ്റായ സമീപനം സര്‍ക്കാരില്‍ നിന്ന് ഉണ്ടായതായി അവര്‍ പറഞ്ഞിട്ടില്ല. അവര്‍ അപമാനം സഹിച്ചു എന്നാണ് പറയുന്നത്. എപ്പോഴാണ് ദുരനുഭവം ഉണ്ടായത് എന്നു പറഞ്ഞിട്ടില്ല. കാലഘട്ടവും അവ്യക്തമാണ്. എന്ത് സംഭവിച്ചെന്ന് ശ്രീലേഖ തന്നെ പറയണമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ഈ വിഷയത്തില്‍ മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവരേയും ഇപ്പോഴുള്ളവരേയും ശ്രീലേഖ പരാമര്‍ശിച്ചിട്ടില്ല. പോലീസില്‍ ലിംഗവിവേചനം ഇല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സേനയിലെ വനിതാ ഓഫീസര്‍മാര്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നുണ്ടെന്നും, പുരുഷമേധാവിത്വമുള്ള പോലീസ് സംവിധാനത്തില്‍ നിന്നുള്ള മാനസിക പീഡനം സഹിക്കാനാകാതെ രാജിവയ്ക്കാന്‍ പോലും തയ്യാറായിട്ടുണ്ടെന്നുമാണ് ശ്രീലേഖ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്.