Friday, May 17, 2024
keralaLocal NewsNews

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കും; ദേവസ്വം മന്ത്രി

എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് നിലവില്‍ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍ അയ്യപ്പ ഭക്തരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ അപ്പോള്‍ കൂടുതല്‍ സാഹചര്യങ്ങള്‍ ഒരുക്കുമെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയിലേക്ക് പോകുന്ന വഴിയില്‍ എരുമേലി ക്ഷേത്രത്തില്‍ ഇറങ്ങിയതായിരുന്നു അദ്ദേഹം. സന്നിധാനം, നിലയ്ക്കല്‍, പമ്പ, എരുമേലി എന്നീ സ്ഥലങ്ങളില്‍ വികസന പദ്ധതികളുടെ ഭാഗമായി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സൗകര്യങ്ങള്‍ കുറഞ്ഞാല്‍ അതും പരിഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീലിമലപ്പാത തുറക്കുന്നതു സംബന്ധിച്ച് നേരത്തെ ചര്‍ച്ച ചെയ്തിരുന്നു.

ഇന്ന് വീണ്ടും പരിശോധിക്കുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മുപ്പതിനായിരം പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിരിക്കുന്നത്. എന്നാല്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നും അപ്പോള്‍ കൂടുതല്‍ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എരുമേലി ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ ജി. ബൈജു പൊന്നാട അണിയിച്ച് സ്വീകരിച്ചു. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവര്‍ക്ക് ടി. ഷര്‍ട്ടും മന്ത്രി നല്‍കി. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് മൈതാനത്ത് മാവിന്റെ തൈയ്യും മന്ത്രി നട്ടു. ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജി.എസ് ബൈജു , അസി. കമ്മീഷണര്‍ ശ്രീലേഖ , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി പി സതീഷ് കുമാര്‍, ജമാത്ത് പ്രസിഡന്റ് പി.എ ഇര്‍ഷാദ്,സെക്രട്ടറി സിഎ എ കരിം,
പുണ്യം പൂങ്കാവനം കോഡിനേറ്റര്‍മാരായ റിട്ടേ. എ എസ് പി അശോക് കുമാര്‍ , എസ്.ഐ ഷിബു എം എസ് , എരുമേലി എസ്.എച്ച് ഒ മനോജ്.എം, എസ്.ഐ എം എസ് അനീഷ് പങ്കെടുത്തു.