Sunday, May 5, 2024
keralaNews

എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറിയെ ശാഖ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ആലപ്പുഴ: എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറിയെ ശാഖ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ പുറക്കാട് ശാഖ സെക്രട്ടറി കൊച്ചിപ്പറമ്പ് വീട്ടില്‍ രാജു (64) ആണ് ആത്മഹത്യ ചെയ്തത്. സത്യസന്ധമായി പ്രവര്‍ത്തിച്ചിട്ടും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പോലീസ് കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ രാജു പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് രാജുവിനെ ഓഫീസിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാത്രി വൈകിയിട്ടും വീട്ടിലെത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയത്.

സംഘടനാ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. സത്യസന്ധമായി പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് തന്നെ രാജുവിനെതിരെ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ രാജുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതു സംബന്ധിച്ച് പോലീസില്‍ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പറയുന്നു.ഇത് തന്റെ വിധിയാണെന്ന് ആത്മഹത്യാക്കുറിപ്പില്‍ രാജു എഴുതിയിട്ടുണ്ട്. സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും തന്നെ തകര്‍ക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുവെന്നും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുംപോകും. ഇതിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.