Friday, May 3, 2024
keralaNews

വന്‍ ആയുധ, ലഹരിവേട്ട: മൂന്ന് ബോട്ടുകള്‍ പിടികൂടി

അഞ്ച് എകെ 47 തോക്കുകളും 1000 വെടിയുണ്ടകളും 300 കിലോഗ്രാം ഹെറോയിനും സഹിതം 3 ബോട്ടുകള്‍ മിനിക്കോയ് ദ്വീപില്‍ നിന്നു മാറി കോസ്റ്റ്ഗാര്‍ഡും നാവികസേനയും ചേര്‍ന്നു പിടികൂടി. സമീപകാലത്തെ ഏറ്റവും വലിയ ലഹരിമരുന്ന്, ആയുധ വേട്ടയാണിത്. കിലോയ്ക്ക് ഒരു കോടിയിലധികം രൂപ വിലമതിക്കുന്നതാണു ഹെറോയിന്‍ എന്ന ലഹരിമരുന്ന്.ഡോണിയര്‍ വിമാനം മിനിക്കോയ് ദ്വീപില്‍ നിന്ന് 166 കിലോമീറ്റര്‍ മാറി ഒരാഴ്ചയായി നിരീക്ഷിച്ച 7 ബോട്ടുകളില്‍ 3 എണ്ണമാണു സംശയം തോന്നി കസ്റ്റഡിയിലെടുത്തതെന്നു നാവികസേന അറിയിച്ചു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സഹായത്തോടെയാണു നീക്കമെന്നും കൂടുതല്‍ അന്വേഷണത്തിനായി വന്‍കരയിലെത്തിക്കുമെന്നും കോസ്റ്റ്ഗാര്‍ഡും നാവികസേനയും അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്നു ലഹരിമരുന്നു പുറങ്കടലിലെത്തിച്ചു കപ്പലുകളിലേക്കു കൈമാറുന്ന ശ്രീലങ്കന്‍ ബോട്ടുകളാണു പിടികൂടിയതെന്നു സൂചനയുണ്ട്.മറ്റു വിശദാംശങ്ങള്‍ നാവികസേന പുറത്തുവിട്ടിട്ടില്ല. വന്‍കരയിലെത്തിച്ചു കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വിശദാംശങ്ങള്‍ ലഭ്യമാകൂ. ലഹരിമരുന്നു കടത്തിയതെന്നു കരുതുന്ന ഒരു ശ്രീലങ്കന്‍ ബോട്ട് വിഴിഞ്ഞം തീരത്തിനു സമീപം 7ന് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയിരുന്നു.