Saturday, May 4, 2024
keralaNews

നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ വന്ന അതിഥി വനം വകുപ്പ് ജീവനക്കാരെ വട്ടം കറക്കി.

നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ ‘വിരുന്നെത്തിയ’ ഉടുമ്പ് വനം വകുപ്പ് ജീവനക്കാരെ വട്ടം കറക്കി. ഉടുമ്പിനെ വലയിലാക്കാനുള്ള ശ്രമം വിഫലമായി. ജീവനക്കാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഓടിയ ഉടുമ്പു പുരയിടത്തിന്റെ ചുറ്റുമതില്‍ ചാടി സമീപ പ്ലോട്ടിലെ കുറ്റിക്കാട്ടിലേക്കു മറഞ്ഞു. തിരച്ചില്‍ വിഫലമായതോടെ വനം വകുപ്പ് ജീവനക്കാര്‍ വെറും കയ്യോടെ മടങ്ങി.തിങ്കളാഴ്ച രാവിലെ 11നാണ് സിദ്ദിഖിന്റെ പാലച്ചുവട്ടിലെ പുരയിടത്തില്‍ ഉടുമ്പു പ്രത്യക്ഷപ്പെട്ടത്. വളര്‍ത്തു നായയുടെ കുര കേട്ടു ഇറങ്ങി വന്ന ഡ്രൈവര്‍ ബിജുലാലാണ് പൂന്തോട്ടത്തില്‍ ഉടുമ്പിനെ കണ്ടത്. കോടനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് സിദ്ദിഖ് വിളിച്ചതിനെ തുടര്‍ന്നു വൈല്‍ഡ് ലൈഫ് റസ്‌ക്യു ടീം എത്തി. ഫോറസ്റ്റ് ബീറ്റ് ഓഫിസര്‍ അല്‍നി സി.അലിയുടെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ വലയും മറ്റും ഒരുക്കി പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ഉടുമ്പു കാട്ടിലേക്ക് ഓടി മറഞ്ഞത്.