Wednesday, May 8, 2024
EntertainmentkeralaNews

ഭരതന്റേയും കെപിഎസി ലളിതയുടേയും പ്രണയകഥ

മലയാള സിനിമാ ലോകത്ത് ഭരതന്റേയും ശ്രീവിദ്യയുടേയും പ്രണയം ചര്‍ച്ചയായിരുന്ന കാലം…അന്ന് പ്രണയത്തിനായി ഭരതന് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നത് കെപിഎസി ലളിതയായിരുന്നു.ശ്രീവിദ്യയെ ഫോണ്‍ ചെയ്യുന്നതിനായി ചെന്നൈയില്‍ പരാംഗുശപുരത്ത് താമസിക്കുന്ന ഭരതന്‍ ലളിത താമസിക്കുന്ന സ്വാമിയാര്‍ മഠത്തിലെ വീട്ടില്‍ എത്തുമായിരുന്നു. സ്ത്രീകള്‍ വിളിച്ചാല്‍ മാത്രമേ ശ്രീവിദ്യയ്ക്ക് ഫോണ്‍ കൊടുക്കുമായിരുന്നുള്ളു .   .

അതുകൊണ്ട് ലളിതയാണ് ഭരതന് ഫോണ്‍ വിളിച്ചുകൊടുത്തിരുന്നത്.സിനിമാ ഷൂട്ടിങ്ങിനിടെ താനും ജയഭാരതിയും ചേര്‍ന്ന് ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിന്റെ പുരോഗതി ഒളിച്ചും മറഞ്ഞും നോക്കി നടന്നതിനെപ്പറ്റി പിന്നീട് കെപിഎസി ലളിത തന്നെ എഴുതിയിട്ടുണ്ട്. ലളിത പറഞ്ഞതിങ്ങനെ : ‘അസൂയയോ കുശുമ്പോ ഒന്നുമല്ല, ആകാംക്ഷമാത്രം’. എന്നാല്‍ ഭരതന്റേയും ശ്രീവിദ്യയുടേയും പ്രണയം അധികകാലം നീണ്ടുനിന്നില്ല. ‘രാജഹംസ’ത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഭരതനും ശ്രീവിദ്യയും പിണങ്ങി. അവര്‍ വേര്‍ പിരിഞ്ഞു.

ഭരതനും ലളിതയും തമ്മില്‍ മുന്‍പേ മുതല്‍ നല്ല സൗഹൃദത്തിലായിരുന്നു. തന്റെ ആദ്യ സിനിമയുടെ പ്രിവ്യൂ കാണാനൊക്കെ ഭരതന്‍ ലളിതയെ ക്ഷണിച്ചിരുന്നു. പക്ഷേ ആ സൗഹൃദത്തെ പ്രണയമായി പലരും തെറ്റിദ്ധരിച്ചു.

ഒടുവില്‍ ‘രതിനിര്‍വേദം’ എന്ന ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലെത്തിയ ലളിതയെ അന്വേഷിച്ച് ഭരതന്‍ എത്തി. ‘നമുക്കിത് സീരിയസായി എടുക്കാം’ എന്നായിരുന്നു ഭരതന്‍ ലളിതയോട് പറഞ്ഞ പ്രണയത്തിന്റെ ആദ്യവാചകം. ലളിത സമ്മതം ചൊല്ലി. ഭരതന്റെ വീട്ടുകാര്‍ക്ക് എന്നാല്‍ ഈ ബന്ധത്തോട് യോജിപ്പില്ലായിരുന്നു. അങ്ങനെ വിവാഹം നീട്ടിവച്ചു.

1978 മേയ് 21ന് മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ ലളിതയെ ഭരതന്‍ ആളെ വിട്ടു വിളിപ്പിച്ചു. ഭരതന്‍, പത്മരാജന്‍ എന്നിവരുടെ കൂടിയാലോചനയില്‍ വിവാഹം വച്ചുനീട്ടേണ്ടതില്ലെന്ന തീരുമാനം ഉടലെടുത്തു. ഈ തീരുമാനം അറിയിക്കാനാണ് ലളിതയെ വിളിക്കാന്‍ ആളുവന്നത്. പിറ്റേന്നു തന്നെ വിവാഹം നടത്താനായിരുന്നു തീരുമാനം. രഹസ്യം പുറത്താവാതാരിക്കാന്‍ തക്കലയ്ക്കടുത്ത് കുമരന്‍കോവില്‍ വിവാഹത്തിനായി തെരഞ്ഞെടുത്തു. ഷൂട്ടിംഗിനിടെയാണ് ലളിത വിവാഹത്തിനായി പോയത്. നികുഞ്ജം കൃഷ്ണന്‍നായരുടെ കാറിലായിരുന്നു യാത്ര. മുന്‍കൂട്ടി അപേക്ഷ നല്‍കാഞ്ഞതിനാല്‍ ക്ഷേത്രത്തിന് പുറത്തുവച്ചായിരുന്നു വിവാഹം നടന്നത്. തൊട്ടടുത്ത ദിവസം തന്നെ രജിസ്ട്രാറെ രഹസ്യമായി വീട്ടില്‍ വരുത്തി വിവാഹം രജിസ്റ്റര്‍ ചെയ്തു.

വിവാഹം കഴിഞ്ഞ് രാത്രി സെറ്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഷൂട്ടിങ് നിര്‍ത്തിവച്ച് സെറ്റ് കല്യാണാഘോഷത്തിന്റെ ആവേശത്തിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിവരം അറിയിക്കാനായി ഭരതന്‍ വീട്ടിലേക്ക് പോയി. അപ്പോഴേക്കും പക്ഷേ, പത്രങ്ങളിലെ വാര്‍ത്തയും ചിത്രവും കണ്ട് കുടുംബം ദേഷ്യത്തിലായിരുന്നു. ഭരതന്‍ പക്ഷേ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കി. അങ്ങനെ കുടുംബത്തോടൊപ്പം വീണ്ടുമൊരു വിവാഹാഘോഷം ജൂണ്‍ 2ന് ഗുരുവായൂരില്‍ നടന്നു.ഭരതനും കെപിഎസി ലളിതയ്ക്കും രണ്ട് മക്കളുണ്ട്. മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, മകള്‍ ശ്രീക്കുട്ടി.