Saturday, May 18, 2024
keralaNewspolitics

നിയമസഭാ കയ്യാങ്കളിക്കേസ്; മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും നാളെ വിചാരണക്കോടതിയില്‍ ഹാജരാകണം

നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രിമാര്‍ വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലുമാണ് നാളെ വിചാരണക്കോടതിയില്‍ എത്തേണ്ടത്. മന്ത്രിമാര്‍ ഹാജരാകണം എന്ന വിചാരണക്കോടതി നിര്‍ദേശം സ്റ്റേ ചെയ്യണം എന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതില്‍ ഇടപെടാനാകില്ലെന്നായിരുന്നു കോടതി നിലപാട്.

2015ല്‍ കെ.എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുന്നതിനിടെയുണ്ടായ കയ്യാങ്കളിയില്‍ രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നായിരുന്നു കേസ്. മന്ത്രിമാരായ ഇ.പി ജയരാജന്‍ കെ.ടി ജലീല്‍, വി.ശിവന്‍കുട്ടി അടക്കം ആറ് ഇടതുനേതാക്കളാണ് കേസിലെ പ്രതികള്‍.പൊതുമുതല്‍ നശിപ്പിച്ചത് അടക്കമുളള കേസുകളാണ് ജയരാജനും ജലിലിനുമെതിരെ ചുമത്തിയിരിക്കുന്നത്. നിയമസഭാ കയ്യാങ്കളിക്കേസ് റദ്ദാക്കാനാവില്ലെന്ന വിചാരണക്കോടതി ഉത്തരവിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കേസ് അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.