Friday, May 3, 2024
keralaNews

 ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കും :അഡ്വ. ടോമി കല്ലാനി

  • എരുമേലിയെ ടൗണ്‍ഷിപ്പ് ആക്കും. 

  • മാലിന്യ പ്രശ്‌നത്തിന് ശാശ്വത  പരിഹാരം 

എരുമേലി :  പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്റെ വികസന മുരടിപ്പിന് പരിഹാരമുണ്ടാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി. എരുമേലിയെ ടൗണ്‍ഷിപ്പായി ഉയര്‍ത്താനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എരുമേലി മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തീര്‍ത്ഥാടന കാലത്തുണ്ടായ സംഭവങ്ങള്‍ വിശ്വാസികളുടെ മനസിലുണ്ട്. അവര്‍ അതിനനുസരിച്ച് പ്രതികരിക്കും. തങ്ങളെ സഹായിക്കുന്നവരെ അവര്‍ തലോടുമെന്നും അദ്ദേഹം പറഞ്ഞു.എരുമേലിയിലെ പല പ്രശ്‌നങ്ങള്‍ക്കും പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. മാലിന്യ പ്രശ്‌നം രൂക്ഷമാകുമ്പോള്‍ എന്തെങ്കിലും ചെയ്ത് അവസാനിപ്പിക്കുകയല്ല വേണ്ടത്. ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാകണം. മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിനും കൃത്യമായ പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ആരുടെയെങ്കിലും തലയിലേക്ക് ഈ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം താന്‍ ആരോപിക്കുന്നില്ല. പക്ഷേ ഉത്തരവാദിത്തപ്പെട്ടവര്‍ കൃത്യതയോടെ കാര്യങ്ങള്‍ നിര്‍വഹിച്ചെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്നും ടോമി കല്ലാനി പറഞ്ഞു. പത്രസമ്മേളനത്തില്‍ കോൺഗ്രസ് നേതാക്കളായ അഡ്വ. പിഎ സലീം, പ്രകാശ് പുളിക്കന്‍, ബിനു മറ്റക്കര എന്നിവർ പങ്കെടുത്തു.