Saturday, April 20, 2024
keralaNewspolitics

റോസക്കുട്ടി സി.പി.എമ്മിലേക്ക്; വീട്ടിലെത്തി സ്വാഗതം ചെയ്ത് പി.കെ ശ്രീമതി

കോണ്‍ഗ്രസ് വിട്ട കെ.പി.സി.സി വൈസ് കെ.സി റോസക്കുട്ടി സി.പി.എമ്മിലേക്ക്. റോസക്കുട്ടിയെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്യുന്നതായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി. അവരുടെ ബത്തേരിയിലെ വീട്ടിലെത്തിയാണ് ശ്രീമതി ഇക്കാര്യം അറിയിച്ചത്. മധുരം നല്‍കിയായിരുന്നു റോസക്കുട്ടിയെ ശ്രീമതി ടീച്ചര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. കല്‍പ്പറ്റിയിലെ ഇടത് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാറും റോസക്കുട്ടിയുടെ വീട്ടിലെത്തി. റോസക്കുട്ടി ഇടതുപക്ഷത്ത് ചേരുമെന്നും ഇവരുമായി നേരത്തെ ചര്‍ച്ച നടത്തിയതാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ എംഎ ബേബി വ്യക്തമാക്കിയിരുന്നു.മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു റോസക്കുട്ടി. 1991ല്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ നിന്നും എം എല്‍ എയായി. വനിതാ കമ്മിഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്‍പ്പറ്റ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് കെസി റോസക്കുട്ടി രാജിവെച്ചത്. സമീപ കാലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ വിമര്‍ശനം.

കോണ്‍ഗ്രസിന് മതനിരപേക്ഷ ശക്തികളെ കെട്ടിപടുക്കാന്‍ സാധിക്കുന്നില്ലെന്ന് റോസക്കുട്ടി കുറ്റപ്പെടുത്തി. ലതിക സുഭാഷിനോട് കാണിച്ചത് ഏറെ വേദനിപ്പിച്ചു. ലതിക തലമുണ്ഡനം ചെയ്ത ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതികരണം വേദനിപ്പിച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ഉറപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയേണ്ടി വന്നു. വയനാട് ജില്ലയില്‍ ഹൈക്കമാന്‍ഡിന്റെ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് ഭയപ്പെടുന്നു. മാനസികമായി പ്രയാസപ്പെട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. പൊതു പ്രവര്‍ത്തനം വിടാന്‍ താല്‍പര്യമില്ലെന്നും അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.‘വയനാട്ടില്‍ നിന്നുള്ള ആളുകളെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഏറെ പരിശ്രമിച്ചു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അംഗീകരിച്ചില്ല. വയനാട്ടുകാരെ അവഗണിക്കുന്നതില്‍ പ്രതിഷേധമുണ്ട്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു വിലയും ഇല്ല എന്നതിന് തെളിവാണ് ടി സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വം. കെ സി വേണുഗോപാലും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കളുമായി സംസാരിച്ചു. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇവരെ അറിയിച്ചിട്ടുണ്ട്. കല്‍പ്പറ്റ സീറ്റ് ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരാള്‍ക്ക് കൊടുത്തത് രാജിയുടെ ഒരു പ്രധാന കാരണമാണം’- റോസക്കുട്ടി പറഞ്ഞു.