Sunday, April 28, 2024
keralaNewsUncategorized

ശബരിമലയില്‍ അയ്യപ്പഭക്തരെ ദേവസ്വം ഗാര്‍ഡ് പിടിച്ചു തള്ളിയ സംഭവം: രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ മകരവിളക്ക് ദിവസം ദര്‍ശനം നടത്തിയ ഭക്തരോട് ദേവസ്വം ഗാര്‍ഡ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം കമ്മീഷണര്‍ക്കും പോലീസിനും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി.ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകരോടുള്ള ദേവസ്വം ഗാര്‍ഡിന്റെ പെരുമാറ്റം അങ്ങേയറ്റം ഗൗരവതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഭക്തരെ ബലമായി തള്ളിമാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ഇടപെടല്‍. ചൊവ്വാഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. മകരജ്യോതി ദിവസം വൈകിട്ടായിരുന്നു വിവാദമായ സംഭവം നടന്നത്. മണക്കാട് ദേവസ്വം വാച്ചര്‍ അരുണ്‍ കുമാറായിരുന്നു സന്നിധാനത്ത് എത്തിയ തീര്‍ത്ഥാടകരെ പിടിച്ചു തള്ളിയത്. സിപിഎം യൂണിയനായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫഡറേഷന്റെ നേതാവാണ് അരുണ്‍ കുമാര്‍. സംഭവത്തിന് പിന്നാലെ വിവാദമുയരുകയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ദേവസ്വം ബോര്‍ഡ് ആരോപണ വിധേയനായ ഗാര്‍ഡിനെ മാറ്റുകയും ചെയ്തിരുന്നു. ഗാര്‍ഡിനെതിരെ മറ്റ് നടപടികള്‍ എടുക്കില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചത്. ഗാര്‍ഡിന്റെ പെരുമാറ്റത്തില്‍ അനൗചിത്യമുണ്ട്. അങ്ങനെ പെരുമാറരുതായിരുന്നു. പക്ഷെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. പോലീസ് പോലും ദേവസ്വം ഗാര്‍ഡുമാരുടെ സഹായം തേടിയാണ് നിയന്ത്രിച്ചിരുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഇടപെടലുണ്ടായത്.