Sunday, May 5, 2024
keralaNews

രാജപ്പന്റെ പണം തട്ടിയെന്ന കേസ് ഒത്തു തീര്‍പ്പാക്കുന്നു; എടുത്ത പണം തിരികെ നല്‍കാമെന്ന് സഹോദരി

വേമ്പനാട് കായലില്‍ പ്ലാസ്റ്റിക് വാരി ജീവിക്കുന്ന രാജപ്പന്റെ പണം തട്ടിയെന്ന കേസ് ഒത്തു തീര്‍പ്പാക്കുന്നു. എടുത്ത പണം തിരികെ നല്‍കാമെന്ന് സഹോദരി ഇടനിലക്കാര്‍ വഴി പൊലീസിനെ അറിയിച്ചു. പണം നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് രാജപ്പന്‍ പൊലീസിനെ അറിയിച്ചു.മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന് സുമനസുകള്‍ സഹായമായി നല്‍കിയ പണം തട്ടിയെന്നായിരുന്നു പരാതി. താന്‍ അറിയാതെ ബാങ്ക് അകൗണ്ടില്‍ നിന്ന് സഹോദരി അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് കോട്ടയം എസ്പിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചത്.

രാജപ്പന്റെ അകൗണ്ടില്‍ നിന്ന് സഹോദരി പിന്‍വലിച്ച 5 ലക്ഷം രൂപയും എടിഎം കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങിയ ഇരുപതിനായിരം രൂപയും അടക്കം തിരിച്ചു നല്‍കാമെന്ന് സഹോദരി പൊലീസിനെ അറിയിച്ചു.പിന്നീട് പണം തിരിച്ചു നല്‍കിയാല്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും കേസ് പിന്‍വലിക്കാമെന്നും രാജപ്പന്‍ പൊലീസിനോട് പറഞ്ഞു. പണം തിരിച്ചു കിട്ടിയാല്‍ കോടതിയെ അറിയിച്ച് കേസ് പിന്‍വലിക്കാനുളള നടപടികള്‍ കൈക്കൊള്ളാനാണ് പൊലീസ് തീരുമാനം.അതേസമയം കേസില്‍ അന്വേഷണം മുറുകിയതോടെ സഹോദരി വിലാസിനിയും ഭര്‍ത്താവും മകനും ഒളിവില്‍ പോയിരുന്നു. ഇവരുടെ സുഹൃത്തുക്കളാണ് പൊലീസിനെ ബന്ധപ്പെട്ട് ഒത്തു തീര്‍പ്പിനുള്ള ശ്രമം നടത്തിയത്.സഹോദരി തിരിച്ചു നല്‍കുന്ന പണം രാജപ്പന്റെ മാത്രം അകൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പൊലീസ് അറിയിച്ചു.