Friday, May 3, 2024
keralaNews

മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

 

കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. അക്കാദമി സെക്രട്ടറി തന്നോട് ജാതിവിവേചനം കാണിക്കുന്നുവെന്നാരോപിച്ച് രാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അതേസമയം അക്കാദമിയ്ക്ക് മുന്നിലുളള സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡോ.ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നല്‍കാത്ത നടപടി, ജാതിവിവേചനം കൊണ്ടാണെന്നായിരുന്നു അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തന്നോട് പറഞ്ഞതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. ലിംഗപരമായ വിവേചനം മാത്രമല്ല ജാതിപരമായ വിവേചനം കൂടിയാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അക്കാദമിയുടെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മോഹിനിയാട്ടത്തില്‍ എം.ഫില്ലും പി.എച്ച്.ഡിയുമുള്ളയാളാണ് രാമകൃഷ്ണന്‍. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി ലളിതയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ പങ്കെടുക്കാനായി രാമകൃഷ്ണന്‍ അപേക്ഷ സമര്‍പ്പിച്ചത്.