Tuesday, May 7, 2024
indiaNewspolitics

പോലീസ് പിടികൂടിയതായി വാരിസ് പഞ്ചാബ് ദെ നിയമോപദേശകന്‍

ചണ്ഡിഗഡ്: ഖലിസ്ഥാന്‍ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദെ നേതാവ് അമൃത് പാല്‍ സിംഗ് അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്. വാരിസ് പഞ്ചാബ് ദെ നിയമോപദേശകന്‍ ഇമാങ് സിംഗ് ഖാരയാണ് വിവരം പുറത്തുവിട്ടത്. ജലന്ദറിലെ ഷാഹ്കോട്ട് പോലീസ് സ്റ്റേഷനിലാണ് അമൃത് പാല്‍ ഇപ്പോള്‍ ഉള്ളതെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ അറസ്റ്റിനെക്കുറിച്ച് പഞ്ചാബ് പോലീസ് പ്രതികരിച്ചിട്ടില്ല. അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും ബൈക്കില്‍ കയറി അമൃത്പാല്‍ രക്ഷപ്പെടുകയായിരുന്നു.  അമൃത് പാല്‍ പിടിയിലായെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും അവയൊക്കെ വ്യാജമായിരുന്നു. ഇതോടെ വ്യാജപ്രചാരണം തടയുന്നതിനായി സംസ്ഥാനത്ത് ഇന്റനെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അമൃത്പാലിന്റെ 78 അനുയായികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.കൊലപാതകശ്രമം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, പൊതുപ്രവര്‍ത്തകരുടെ കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ ക്രിമിനല്‍ കേസുകളാണ് അമൃത്പാലിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അതേ വിധി തന്നെയാണ് അമിത് ഷായെയും കാത്തിരിക്കുന്നതെന്നാന്ന് അമൃത്പാല്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ ഖാലിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കാന്‍ എല്ലാ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തു.