Monday, May 6, 2024
keralaNewspolitics

ലീഗിന് രാഷ്ട്രീയജീര്‍ണത; മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി

മലപ്പുറം തിരഞ്ഞെടുപ്പുകളില്‍ മാറി മാറി മത്സരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടി ജനാധിപത്യത്തെ പരിഹസിക്കുകയാണെന്നും, ലീഗിന് രാഷ്ട്രീയ ജീര്‍ണതയാണെന്നും മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ പറഞ്ഞു. അഞ്ച് കൊല്ലത്തിനിടയ്ക്ക് കുഞ്ഞാലിക്കുട്ടി നാല് തവണ സത്യപ്രതിജ്ഞ ചെയ്തു. ബഷീറലി ശിഹാബ് തങ്ങളുടെ അടുത്തേക്ക് സരിത നായരെ അയച്ചതിന് പിന്നിലും പി.കെ കുഞ്ഞാലിക്കുട്ടിയാണന്ന് ഹംസ ആരോപിച്ചു. പിണറായി വിജയനെ വിമര്‍ശിക്കാന്‍ കുഞ്ഞാലികുട്ടി തയ്യാറാകുന്നില്ല. ഇത് വിജിലന്‍സിനെ ഭയന്നാണെന്ന് ഹംസ പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളെ കുറ്റവാളിയാക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചിരുന്നെന്നും സാദിക്കലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നും ഹംസ ആരോപിച്ചു. പല നേതാക്കള്‍ക്കും ചോറ് യുഡിഎഫിലും കൂറ് എല്‍ഡിഎഫിലുമാണ്. തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ എം.കെ മുനീര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാകുമായിരുന്നു. എല്ലാ സത്യവും കോടതിയില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കൗണ്‍സില്‍ പ്രഖ്യാപിക്കുന്ന ദിവസം തന്നെ പുറത്താക്കിയെന്നും ലീഗിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രഹസനമാണെന്നും 500 മെമ്പര്‍മാരെ വരെ ചേര്‍ത്തു എന്നാണ് ക്യാമ്പയിനിലെ കണക്ക് എന്നാല്‍ ലീഗിന് 200 വോട്ട് മാത്രം കിട്ടിയ സ്ഥലമാണിതെന്നും കെ.എസ് ഹംസ പറഞ്ഞു. തന്നെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്താന്‍ സാദിക്കലി തങ്ങള്‍ക്ക് താത്പര്യമുണ്ടായിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി എതിര്‍ക്കുകയായിരുന്നെന്നും ഹംസ ആരോപിച്ചു.