Sunday, May 5, 2024
indiaNews

എംപിമാരുടെയും മന്ത്രിമാരുടേയും ശമ്പളവും അലവന്‍സുകളും 30 ശതമാനം വെട്ടിക്കുറയ്ക്കുന്ന  ബില്ലുകള്‍ രാജ്യസഭ പാസാക്കി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് അംഗങ്ങളുടേയും മന്ത്രിമാരുടേയും ശമ്പളവും അലവന്‍സുകളും 30 ശതമാനം വെട്ടിക്കുറയ്ക്കുന്നത് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ബില്ലുകള്‍ രാജ്യസഭ പാസാക്കി. ചൊവ്വാഴ്ച ഈ ബില്‍ ലോക്‌സഭയും പാസാക്കിയിരുന്നുകോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ വിനിയോഗിക്കുന്നതിനായാണ് ശമ്പളം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭാവത്തില്‍ ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ്, ബിജെഡി തുടങ്ങി പ്രതിപക്ഷനിരയിലെ എല്ലാ എംപിമാരും ബില്ലിനെ പിന്തുണച്ചു. എംപിമാരുടെ പ്രാദേശികവികസന ഫണ്ട് നിര്‍ത്താലാക്കിയത് പുനസ്ഥാപിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.70 ശതമാനം അംഗങ്ങളും ശമ്പളത്തെ ആശ്രയിക്കുന്നുണ്ട് എങ്കിലും ബില്ലിനെ അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. വികസന പദ്ധതികള്‍ നടപ്പാക്കാന്‍ എംപിഎല്‍ഡി ഫണ്ട് പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി എംപിമാര്‍ സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ശമ്പളമാകും വെട്ടിക്കുറയ്ക്കുക. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് ഏപ്രില്‍ ആദ്യവാരം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ അംഗീകാരമായിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഗവര്‍ണര്‍മാര്‍ തുടങ്ങിയവരും 30 ശതമാനം ശമ്പളം കുറയ്ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിലൂടെ 7,900 കോടി രൂപ സര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് ലഭിക്കും.