Sunday, April 28, 2024
keralaNews

സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.

സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാത്രി വൈകി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ എട്ട് മണി മുതല്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് കയറും. സ്റ്റൈപ്പന്‍ഡ് വര്‍ധനവ്, അലവന്‍സുകള്‍ എന്നിവയില്‍ എത്രയും വേഗം തീരുമാനം ഉണ്ടാക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെഎംപിജിഎ അറിയിച്ചു.ജോലിഭാരം, ഡോക്ടര്‍മാരുടെ കുറവ് തുടങ്ങീ ഡോക്ടര്‍മാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ കെഎംപിജിഎ സമഗ്രമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. അതേസമയം കെഎംപിജിഎ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എം.അജിത്രയെ അധിക്ഷേപിച്ച സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പരാമര്‍ശം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ പരിഗണിച്ച് പിജി ഡോക്ടര്‍മാര്‍ സമരം ഭാഗികമായി പിന്‍വലിക്കാന്‍ ഇന്നലെ വൈകിട്ടു തീരുമാനിച്ചിരുന്നു. കൊറോണ ഡ്യൂട്ടിക്ക് മാത്രമാണ് പിജി ഡോക്ടര്‍മാര്‍ ഹാജരായിരുന്നത്. അത്യാഹിത-തീവ്രപരിചരണ വിഭാഗങ്ങള്‍, ലേബര്‍ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളില്‍ ഇന്നലെ മുതല്‍ ജോലിയില്‍ തിരികെ പ്രവേശിച്ച് തുടങ്ങി.