Saturday, May 11, 2024
indiaNews

നടന്‍ രജനികാന്ത് ആശുപത്രി വിട്ടു.

കടുത്ത രക്തസമ്മര്‍ദവും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ ചികില്‍സയിലായിരുന്ന നടന്‍ രജനികാന്ത് ആശുപത്രി വിട്ടു. രജനീകാന്തിന്റെ രക്തസമ്മര്‍ദം സാധാരണനിലയിലാവുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തതെന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഒരാഴ്ചത്തെ പൂര്‍ണവിശ്രമവും കൊവിഡ് വരാതിരിക്കാന്‍ ശ്രദ്ധയും വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രജനി ആരോഗ്യം ശ്രദ്ധിക്കണമെന്ന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. ഒരാഴ്ച പൂര്‍ണമായും ബെഡ് റെസ്റ്റ്, ടെന്‍ഷന്‍ വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം, കൊവിഡ് പകരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്നും ഡോക്ടര്‍മാര്‍ താരത്തിന് മുന്നറിയിപ്പ് നല്‍കി. രജനിയുടെ പ്രായവും കുറച്ചുവര്‍ഷം മുമ്പ് കിഡ്നി മാറ്റിവച്ച സാഹചര്യവും കൂടി പരിഗണിച്ചാണ് നിര്‍ദേശം. ഇതോടെ അണ്ണാത്ത സിനിമയുടെ ഷൂട്ടിങ് മുടങ്ങിയതിനൊപ്പം രജനിയുടെ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.പാര്‍ട്ടി പ്രഖ്യാപിക്കുന്ന തിയ്യതി ഈമാസം 31ന് അറിയിക്കാനായിരുന്നു രജനിയുടെ തീരുമാനം. ഒരാഴ്ചത്തെ പൂര്‍ണവിശ്രമത്തിലായിരിക്കും ഈ സമയത്ത് രജനീകാന്ത്. വരുംദിവസങ്ങളില്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുളളൂ. 2021 മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനീകാന്തിന്റെ പാര്‍ട്ടി മല്‍സരരംഗത്തുണ്ടാവുമെന്നാണ് അറിയിച്ചിരിക്കുന്നത്.