Monday, April 29, 2024
keralaNewsObituary

ഷാരോണിന്റെ കൊലപാതകം: ഗ്രീഷ്മയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകം ഗ്രീഷ്മ കുറ്റംസമ്മതിച്ചതിന് പിന്നാലെ കൊലപാതകത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന ഷാരോണിന്റെ അച്ഛന്‍ ആരോപണത്തെ തുടര്‍ന്ന് ഗ്രീഷ്മയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നു.         എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് ഷാരോണ്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിഷം സംഘടിപ്പിച്ചതില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാന്‍ പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. എം എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗ്രീഷ്മ (22). തോട്ടങ്ങളിലെ കളനാശിനിയാണ് ഉപയോഗിച്ചതെന്നും ഷാരോണ്‍ ഛര്‍ദിച്ചപ്പോള്‍ വിഷം കലര്‍ത്തിയ കാര്യം പറഞ്ഞുവെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. നീ ഇക്കാര്യം പുറത്തു പറയേണ്ടെന്നാണ് അപ്പോള്‍ ഷാരോണ്‍ പറഞ്ഞതെന്നും ഗ്രീഷ്മ പറയുന്നത്. എന്നാല്‍, പൊലീസ് ഇക്കാര്യം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.