Friday, April 26, 2024
Local NewsNews

എരുമേലി പമ്പാവാലിയിൽ ഇന്നലെ  വീണ്ടും  കാട്ടാനയിറങ്ങി 

എരുമേലി: ശബരിമല തീർത്ഥാടകരുടെ പ്രധാന പാതയായ എരുമേലി – പമ്പ തീർത്ഥാടന പാതയിലെ പമ്പാവാലി വലിയ പാലത്തിന് സമീപം ഇന്നലെ വീണ്ടും  കാട്ടാന ഇറങ്ങി. രാവിലെ 11 മണിയോടുകൂടി ഇറങ്ങിയ കാട്ടാന പമ്പാനദിയിൽ ഏറെ നേരം ഇറങ്ങി  നിന്നതിന്  ശേഷം ആറ്റുതീരത്ത് കൂടി നടന്ന്  ഉമ്മിക്കുപ്പ ഭാഗത്തേക്ക് പോയതായും  നാട്ടുകാർ പറഞ്ഞു.  സമീപ വാസികൾ ഒച്ച വെച്ചതോടെയാണ് കുട്ടിക്കൊമ്പൻ പമ്പയാറ്റിൽ നിന്നും കയറിയത്. വേനൽ കനത്തതോടെ  വനത്തിനുള്ളിൽ വെള്ളം ഇല്ലാത്തതിനെ തുടർന്ന്  കുടിവെള്ളത്തിനായാണ്  ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതെന്നും നാട്ടുകാർ പറഞ്ഞു. ശബരിമല വനാതിർത്തി മേഖലയാണിത്. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജരവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ സോളാർ വൈദ്യുത വേലികൾ ഈ മേഖലയിൽ സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. ബഫർ സോണിനെതിരെ പ്രതിഷേധം നടക്കുന്നതിനെതിരെ ഇന്നലെയും എയ്ഞ്ചൽവാലിയിൽ പ്രതിഷേധം നടക്കുന്ന സമയത്താണ് കാട്ടാന പമ്പാവാനത്തിന് താഴെ ഇറങ്ങിയത്. വന്യമൃഗങ്ങൾക്കുള്ള ആഹാരവും – വെള്ളവും വനത്തിനുള്ളിൽ നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. മുമ്പും ഈ മേഖലയിൽ കാട്ടാനകൾ ഇറങ്ങിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബന്ധപ്പെട്ടവർ അടിയന്തിര  നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.