Monday, April 29, 2024
indiakeralaNews

കൗ ഹഗ് ഡേ ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു.

ന്യൂഡല്‍ഹി :പ്രണയദിനത്തില്‍ കൗ ഹഗ് ഡേ ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു. ഫെബ്രുവരി 14ന് ‘പശു ആലിംഗനദിന’ മായി ആചരിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളും ട്രോളുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആഹ്വാനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നു വിശദീകരിച്ചാണ് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’യായി ആചരിക്കാന്‍ നിര്‍ദേശിച്ചത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോര്‍ഡ് അറിയിച്ചിരുന്നു. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറില്‍, പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തി.കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം മൃഗസംരക്ഷണ ബോര്‍ഡ് നടത്തിയത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഫെബ്രുവരി ആറിന് പുറത്തിറങ്ങിയിരുന്നു.