Thursday, May 2, 2024
keralaNewspolitics

സെക്രട്ടറിയേറ്റ് ഉപരോധം: മൂവായിരം പേര്‍ക്കെതിരെ പൊലീസ് കേസ്

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പൊലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെയാണ് കേസ്. കന്റോമെന്റ്‌റ് പൊലീസാണ് കേസെടുത്തത്. വഴി തടസ്സ പ്പെടുത്തിയതിനും, അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്.                                                                കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, എംഎം ഹസ്സന്‍, കൊടുക്കുന്നില്‍ സുരേഷ്, രമേശ് ചെന്നിത്തല, എന്‍. കെ.പ്രേമചന്ദ്രന്‍, രമ്യ ഹരിദാസ്, സി പി ജോണ്‍ , വി.എസ് ശിവകുമാര്‍, പാലോട് രവി, പി.കെ. വേണുഗോ പാല്‍, എം.വിന്‍സന്റ്, കെ.മുരളീധരന്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവരടക്കം പ്രതികളാണ്. സര്‍ക്കാര്‍ അല്ല ഇത് കൊള്ളക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ സെക്രട്ടറിയേറ്റ് വളഞ്ഞത്. രാവിലെ ആറുമണിക്ക് തന്നെ പ്രധാന ഗേറ്റും സൗത്ത്, വൈഎംസിഎ ഗേറ്റുകളും നേതാക്കളും പ്രവര്‍ത്തകരും ഉപരോധിച്ചു.                                       വലിയ ജനപങ്കാളിത്തമാണ് ഉപരോധ സമരത്തിന് ഉണ്ടായിരുന്നത്. സഹകരണബാങ്ക് തട്ടിപ്പ്, മാസപ്പടി വിവാദം, എ ഐ ക്യാമറ അഴിമതി, വിലക്കയറ്റം പിന്‍വാതില്‍ നിയമനങ്ങള്‍, തുടങ്ങി കഴിഞ്ഞ ഏഴരവര്‍ഷമായി ഇടതുസര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ വിഷയമാക്കിയായിരുന്നു യുഡിഎഫ് നേതാക്കളില്‍ ഏറെപ്പേരും സംസാരിച്ചത്. അഴിമതി സര്‍ക്കാറിനെ ജനകീയ വിചാരണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. രണ്ടുതവണ കേരളം ഭരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഭരണനേട്ടം പോലും കാണിക്കാന്‍ ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ കുറ്റപ്പെടുത്തി. വിവിധ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ എത്തിയാണ് സെക്രട്ടറിയേറ്റ് ഉപരോധിച്ചത്.