Thursday, April 25, 2024
keralaNews

വഴുതക്കാട് വന്‍ തീപിടിത്തം.

തിരുവനന്തപുരം വഴുതക്കാട് ആകാശവാണി ഓഫീസിനു സമീപം വന്‍ തീപിടിത്തം. എം.പി. അപ്പന്‍ റോഡിലെ അക്വേറിയം വില്‍ക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. കട പൂര്‍ണമായും കത്തിനശിച്ചു. എംപി അപ്പന്‍ റോഡില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അക്വേറിയം കടയ്ക്കാണ് വൈകിട്ട് നാലു മണിയോടെയാണ് തീപിടിച്ചത്. ഇവിടെനിന്നാണ് നഗരത്തിലെ വിവിധ കടകളിലേക്ക് അക്വേറിയവും മീനും വിതരണം ചെയ്തിരുന്നത്. ഗോഡൗണില്‍ അക്വേറിയം നിര്‍മാണത്തിനാവശ്യമായ സാധന സാമഗ്രികള്‍ സൂക്ഷിച്ചിരുന്നു. ചില വെല്‍ഡിങ് ജോലികള്‍ സ്ഥലത്ത് നടന്നിരുന്നതായി സൂചനയുണ്ട്. സംഭവം നടക്കുമ്പോള്‍ 5 ജീവനക്കാര്‍ കടയിലുണ്ടായിരുന്നു. അവരെല്ലാം പുറത്തുചാടി രക്ഷപ്പെട്ടു.സമീപത്തെ വീട്ടിലേക്കും തീപടര്‍ന്നു. ഫയര്‍ഫോഴ്സെത്തി തീയണയ്ക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. തീപിടിത്തം നടന്ന ഇടത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കടയുടെ പിന്‍വശത്തെ ഷീറ്റിട്ടു മറച്ച സ്ഥലം തകര്‍ത്ത് അകത്തേക്ക് വെള്ളം ഒഴിച്ച് തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. ഫൈബറും ഗ്ലാസുമെല്ലാം കടയിലുണ്ടായിരുന്നു. കടയിലെ ജീവനക്കാരാണ് തീപിടിക്കുന്നതായി പറഞ്ഞതെന്ന് അയല്‍വാസി റംല പറഞ്ഞു. വീടിന്റെ ഷീറ്റിലേക്കു തീ പടര്‍ന്നെങ്കിലും അധികം കത്തിയില്ല. ഓട്ടോറിക്ഷയ്ക്കു പോകാന്‍ കഴിയുന്ന വീതിയേ വഴിക്കുള്ളൂ. ഡ്രൈനേജിന്റെ പണി നടക്കുന്നതിനാല്‍ ഫയര്‍ഫോഴ്‌സിനു വരാന്‍ പ്രയാസമുണ്ടായെന്നും റംല പറഞ്ഞു.