Sunday, May 5, 2024
Uncategorized

എന്‍.ഐ.എ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി മന്ത്രി കെ.ടി ജലീല്‍ ഓഫീസിന് പുറത്തിറങ്ങി.

എന്‍.ഐ.എ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി മന്ത്രി കെ.ടി ജലീല്‍ ഓഫീസിന് പുറത്തിറങ്ങി. എട്ട് മണിക്കൂറോളമാണ് മന്ത്രി എന്‍.ഐ.എ ഓഫീസിലുണ്ടായിരുന്നത്. മൊഴി അന്വേഷണ സംഘത്തിന് ഒപ്പിട്ടു നല്‍കിയ ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്.തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാത്രി കൊച്ചിയിലേക്ക് ഔദ്യോഗികവാഹനത്തില്‍ പുറപ്പെട്ട മന്ത്രി പുലര്‍ച്ചെ സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ എം.എം യൂസഫിന്റെ വണ്ടിയില്‍ കയറി പുലര്‍ച്ചെ അഞ്ചരയോടെ എന്‍.ഐ.എ ഓഫീസിലെത്തുകയായിരുന്നു.

എന്‍.ഐ.എ ഓഫീസിലുണ്ടായിരുന്ന സാധാരണ സുരക്ഷാ ഉദ്യോഗസ്ഥര്‍ അമ്പരന്നു. മന്ത്രി ഇത്ര നേരത്തേ വരുമെന്ന് അവര്‍ കരുതിയിരുന്നില്ല. തുടര്‍ന്ന് എല്ലാവരും ഉണര്‍ന്ന് ഗേറ്റൊക്കെ തുറന്ന് മന്ത്രിയെ അകത്തേയ്ക്ക് വിളിക്കുന്നത് വരെ അദ്ദേഹം വണ്ടിയില്‍ത്തന്നെ ഇരുന്നു.എന്‍.ഐ.എ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ എന്‍.ഐ.എ ഓഫീസില്‍ ആരെങ്കിലും എത്തുന്നതിന് മുമ്പ് തന്നെ എത്തി അവിടെ ഉദ്യോഗസ്ഥരെ കാത്തിരിക്കുകയായിരുന്നു ജലീല്‍. മന്ത്രി നേരത്തേ എത്തിയതറിഞ്ഞ് എട്ടേകാലോടെത്തന്നെ എന്‍.ഐ.എ ഉദ്യോഗസ്ഥരുമെത്തി. അവിടെ നിന്ന് പുലര്‍ച്ചെ എട്ടരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി.

ചോദ്യം ചെയ്യല്‍ ഓണ്‍ലൈനിലാക്കാന്‍ കഴിയുമോ എന്നും, അര്‍ദ്ധ രാത്രിയാക്കാമോ എന്നും, ചോദിച്ചെങ്കിലും കഴിയില്ലെന്ന മറുപടി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ നല്‍കിയെന്നാണ് സൂചന. അതേത്തുടര്‍ന്നാണ് മന്ത്രി ചോദ്യം ചെയ്യലിന് നേരിട്ടെത്തിയത്. പകല്‍ ചോദ്യം ചെയ്യലിനെത്തിയാല്‍ മാദ്ധ്യമങ്ങളുണ്ടാകുമെന്ന് കരുതിയാണ് ജലീല്‍ അതിരാവിലെ എത്തിയത്.

ജലീലിനെ എന്‍.ഐ.എ ചോദ്യംചെയ്യാന്‍ വിളിച്ചതായുള്ള വിവരം പുറത്തുവന്നതോടെ പ്രതിപക്ഷവും ബി.ജെ.പിയും ജലീലിന്റെ രാജി എന്ന ആവശ്യം ശക്തമായുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ നല്‍കുന്ന സൂചന. ഇനിയും കൂടുതല്‍ നാണം കെടാന്‍ നില്‍ക്കാതെ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്രത്തിലെ രണ്ട് ഏജന്‍സികള്‍ക്കും ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ബോദ്ധ്യമായിട്ടുണ്ടെന്നും ഇതോടെ ജലീല്‍ സ്വര്‍ണം കടത്തിയെന്ന ബി.ജെ.പിയുടെ ആരോപണം സ്ഥിരീകരിച്ചിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.അതേസമയം ജലീല്‍ രാജിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീല്‍ ഒരു കേസിലും പ്രതിയല്ലെന്നും അദ്ദേഹം രാജിവയ്ക്കേണ്ട കാര്യമില്ലെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലീം ലീഗ് പ്രതിഷേധം തുടരുകയാണ്.