Thursday, May 9, 2024
keralaNewspolitics

എം.ശിവശങ്കറിനെ പുതിയ തസ്തികയില്‍ നിയമനം നല്‍കിക്കൊണ്ട് സര്‍വീസില്‍ തിരിച്ചെടുത്തു

തിരുവനന്തപുരം; എം.ശിവശങ്കറിനെ ഇന്നു മുതല്‍ സര്‍വീസില്‍ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറി വി.പി.ജോയ് ഉത്തരവിറക്കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി സര്‍ക്കാരിനു നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച സാഹചര്യത്തിലാണിത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതിയാണ് ശിവശങ്കര്‍. അദ്ദേഹത്തെ ഇനിയും സസ്പെന്‍ഷനില്‍ നിര്‍ത്തേണ്ടതില്ലെന്ന ശുപാര്‍ശയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സസ്‌പെന്‍ഷന്‍ പുനരവലോകന സമിതി നല്‍കിയത്. ശിവശങ്കറിനു പുതിയ തസ്തികയില്‍ നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പ്രത്യേകം ഇറക്കും.

സസ്പെന്‍ഷന്‍ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി കേസിന്റെ വിശദാംശങ്ങള്‍ കസ്റ്റംസിനോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നു സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇഡിയോട് വിവരങ്ങള്‍ ചോദിച്ചിരുന്നോയെന്നു വ്യക്തമല്ല. വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരുമായുള്ള അടുപ്പം ചീഫ് സെക്രട്ടറിതല അന്വേഷണ സമിതി കണ്ടെത്തിയതിനെത്തുടര്‍ന്നു 2020 ജൂലൈ 17ന് ആണ് ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടി ആയിരുന്ന ശിവശങ്കറെ സസ്പെന്‍ഡ് ചെയ്തത്.നീട്ടിയ സസ്‌പെന്‍ഷന്‍ കാലാവധി ഇന്നലെ അവസാനിച്ചു. 2023 ജനുവരി വരെ ശിവശങ്കറിനു സര്‍വീസ് ഉണ്ട്.