Friday, May 10, 2024
keralaNewspolitics

പുരാസ്തു തട്ടിപ്പ് : ഐജി ലക്ഷ്മണിനെതിരെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പുരാസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ ഐജി ഗുഗുലോത്ത് ലക്ഷ്മണിനെതിരെ വകുപ്പുതല റിപ്പോര്‍ട്ട്. മോന്‍സന്റെ തട്ടിപ്പുകള്‍ക്ക് സഹായം ചെയ്യാന്‍ ഐജി കൂട്ടുനിന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.    എഡിജിപി ടി കെ വിനോദ് കുമാറാണ് വകുപ്പ് തല അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ചീഫ് സെക്രട്ടറിക്ക് കൈമാറി. അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ലക്ഷ്മണിന്റെ എഡിജിപി സ്ഥാനക്കയറ്റം തടഞ്ഞുവച്ചിരിക്കുന്നത്. മോന്‍സന്‍ മാവുങ്കല്‍ കേസില്‍ ഈ മാസം 23 വരെ ഹാജരാകാനാകില്ലെന്ന് കെ സുധാകരന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. അതേസമയം, പരാതിക്കാരന്‍ അനൂപ് മുഹമ്മദ് പണം നല്‍കിയ ദിവസം മോന്‍സന്റെ വീട്ടില്‍ കെ സുധാകരന്‍ എത്തിയതിന് ഡിജിറ്റല്‍ രേഖകള്‍ തെളിവാക്കുകയാണ് ക്രൈംബ്രാഞ്ച്. ഗാഡ്‌ജെറ്റുകളില്‍ നിന്ന് വീണ്ടെടുത്ത ഫോട്ടോകളാണ് സുധാകരന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ ക്രൈംബ്രാഞ്ച് അടിസ്ഥാനമാക്കിയത്. 2018 നവംബര്‍ 22 ന് ഉച്ചക്ക് 2 മണിക്കാണ് പരാതിക്കാരന്‍ മോന്‍സന് പണം നല്‍കിയത്. അതേസമയം, കേസില്‍ ഐജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി സുരേന്ദ്രനും ക്രൈംബ്രാഞ്ച് ഇന്ന് നോട്ടീസ് അയച്ചേക്കും. മോന്‍സന്‍ മാവുങ്കല്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് കേസില്‍ മൂന്നാം പ്രതിയായിട്ടാണ് ഐജി ലക്ഷ്മണയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ ഡിഐജി സുരേന്ദ്രന്‍ നാലാം പ്രതിയാണ്. മോന്‍സനുമായുളള പണമിടപാടില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.