Friday, May 3, 2024
Local NewsNews

എരുമേലിയില്‍ കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസുകള്‍ തകര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

എരുമേലി: എരുമേലിയില്‍ പ്രവര്‍ത്തിക്കുന്ന ശുഭാനന്ദാശ്രമത്തിന്റെ മുമ്പിലുള്ള കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസുകള്‍ തകര്‍ത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം നെടുംകാവുവയല്‍ ഭാഗത്ത് വനത്തിറമ്പില്‍ വീട്ടില്‍ രാകേഷ് രാജ് (29) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി ശുഭാനന്ദാശ്രമത്തിന്റെ മുമ്പിലുള്ള കാണിക്ക മണ്ഡപത്തിന്റെ കോമ്പൗണ്ടില്‍ കയറി അവിടെയുള്ളവരെ ചീത്ത വിളിക്കുകയും, കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസ്സുകള്‍ ഇടിച്ചു പൊട്ടിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു.

എരുമേലി സ്റ്റേഷന്‍ എസ്.എച്ച്.ഒ ബിജു ഇ.ഡി, എസ്.ഐമാരായ ശാന്തി. കെ.ബാബു, അബ്ദുള്‍ അസീസ്, സി.പി.ഒമാരായ മനോജ് കുമാര്‍, ബോബി സുധീഷ്, ഷൈദ ബീഗം എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.