Friday, May 10, 2024
keralaNews

മാനന്തവാടി മലമാനിനെ വേട്ടയാടിയ രണ്ട് പേര്‍ അറസ്റ്റില്‍

അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കൊണ്ടിമൂല വനത്തില്‍ നിന്നും മലമാനിനെ വേട്ടയാടിയ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ കെ. രാകേഷിന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ എം.വി. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ദ്വാരക എ.കെ ഹൗസ് മുസ്തഫ (45), ബത്തേരി അമ്പലവയല്‍ പടിക്കതൊടി പി.എം. ഷഫീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്.

കൂട്ടുപ്രതികളിലൊരാളായ തരുവണ പുലിക്കാട് സ്വദേശി സാലിം ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിന്നും ആധുനിക സംവിധാനമുള്ള പിസ്റ്റള്‍, തിരകള്‍, ടോര്‍ച്ച്, കത്തി ചാക്കുകള്‍, കയര്‍ എന്നിവയും ഏകദേശം 80 കിലോ മലമാന്‍ ഇറച്ചിയും അവശിഷ്ടങ്ങളും പിടികൂടി. ചൊവ്വാഴ്ച രാത്രിയോടെ ഇരു വാഹനങ്ങളിലായി സ്ഥലത്തെത്തിയ ഇവരെ നാട്ടുകാര്‍ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

ഇവര്‍ സ്ഥിരം വേട്ട നടത്തുന്നവരാണെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. തരുവണയിലും പരിസര പ്രദേശങ്ങളിലും ഈ സംഘം മാനിറച്ചി വില്‍പന നടത്തിവന്നിരുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. ഫോറസ്റ്റര്‍മാരായ വി.കെ. ദാമോദരന്‍, കെ.കെ. സുരേന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരയ എം. മാധവന്‍, ജിനു ജയിംസ്, ടി.ജെ. അഭിജിത്ത്, കെ.പി. കൃഷ്ണപ്രകാശ് എന്നിവരും പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.