Saturday, May 18, 2024
Newsworld

തെംസ് നദിയില്‍ കുടുങ്ങിയ കുഞ്ഞിത്തിമിംഗലത്തെ മരുന്നു കുത്തിവച്ചു ദയാവധം നല്‍കി.

ലണ്ടന്‍ നഗരത്തിലൂടെ ഒഴുകുന്ന തെംസ് നദിയില്‍ കുടുങ്ങിയ കുഞ്ഞിത്തിമിംഗലത്തെ മരുന്നു കുത്തിവച്ചു ദയാവധം നല്‍കി ബ്രിട്ടന്‍. രക്ഷപ്പെടുത്താന്‍ പറ്റില്ലെന്നു പൂര്‍ണമായും ഉറപ്പായതിനാലാണ് ഈ തീരുമാനം. നദിയില്‍ പെട്ട തിമിംഗലം ഒഴുക്കു കുറഞ്ഞ വെള്ളത്തില്‍ പരുക്കന്‍ നദീതടത്തിലും നദിയിലെ മറ്റു നിര്‍മിതികളിലും ഇടിച്ച് അവശനായിരുന്നു. തെംസിന്റെ റിച്ച്‌മോണ്ട് മേഖലയിലാണ് കോമണ്‍ മിങ്ക് വെയ്ല്‍ വംശത്തില്‍പെട്ട തിമിംഗലം ആദ്യം വന്നെത്തി കുടുങ്ങിയത്. അവിടെയുള്ള ഒരു ലോക്ക്ബ്രിജില്‍ കുടുങ്ങുകയും ചെയ്തു. ഇവിടെ നിന്നു
മൃഗസംരക്ഷണപ്രവര്‍ത്തകര്‍ രക്ഷിച്ചെങ്കിലും വീണ്ടും നദിയിലേക്കു തിരിച്ചു പോയി. വീണ്ടും ഒഴുക്കു കുറഞ്ഞ ഒരിടത്തു കുടുങ്ങി.പത്തടി നീളമുള്ള തിമിംഗലം പ്രായം വളരെ കുറവുള്ള ഒരു കുരുന്നാണെന്നു മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ അറിയിച്ചു. അമ്മയെ ആശ്രയിച്ചായിരുന്നു അതിന്റെ ജീവിതം. എന്നാല്‍ കടലില്‍ നിന്നു മാറി ഒറ്റപ്പെട്ടതോടെ അതിനു ഭക്ഷണവും ലഭിക്കാതായി.

ബ്രിട്ടന്റെ വടക്കുഭാഗത്തെ കടല്‍മേഖലയില്‍ താമസിക്കുന്ന തിമിംഗലം നദിയിലൂടെ ഇരുന്നൂറോളം കിലോമീറ്റര്‍ ഒഴുകിവന്നതാണ്. 2006 ല്‍ വില്ലി എന്ന ഒരു തിമിംഗലവും തെംസ് നദിയിലെത്തിയിരുന്നു. സ്‌കോട്ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ് തീരത്തിനടുത്തുള്ള കടല്‍മേഖലയില്‍ നിന്നു വന്നതായിരുന്നു ഇതും. ആദ്യമായി തെംസ് നദിയില്‍ കാണപ്പെട്ട തിമിംഗലം ഇതാണെന്ന് ബ്രിട്ടനിലെ മൃഗസംരക്ഷണ വകുപ്പ് പറയുന്നു. മൂന്നു ദിവസം നദിയില്‍ ജീവിച്ച തിമിംഗലം പിന്നീട് മരിച്ചുപൊന്തി. തിമിംഗലത്തിന്റെ വരവും മരണവും രാജ്യാന്തര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.

അന്നു വില്ലിയുടെ ശവം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു പഠനം നടത്തി. എന്തു കൊണ്ട് വില്ലി നദിയിലെത്തി, എന്തുകൊണ്ടാണ് അതു കൊല്ലപ്പെട്ടത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഏതോ രോഗമോ അണുബാധയോ കാരണം നാഡീവ്യൂഹം ദുര്‍ബലപ്പെടുകയും ചിന്താശേഷി കുറയുകയും ചെയ്തതുകൊണ്ടാണ് തിമിംഗലം നദിയിലെത്തിയതെന്നായിരുന്നു അന്നു ശാസ്ത്രജ്ഞര്‍ കാരണമായി പറഞ്ഞത്. ഇരയ്ക്കു പിന്നാലെ വന്നതാകാമെന്ന സാധ്യതയും അവര്‍ മുന്നോട്ടുവച്ചു. മേഖലയില്‍ നടക്കുന്ന ഖനനം, മത്സ്യബന്ധനം തുടങ്ങിയ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളും ഇതിനു കാരണമാകാന്‍ സാധ്യതയുണ്ട്.

തിമിംഗലങ്ങളിലെ ഒരു വിഭാഗമായ ബെലീന്‍ തിമിംഗലഗ്രൂപ്പില്‍ പെട്ടതാണു കോമണ്‍ മിങ്ക് തിമിംഗലം. ജീവിക്കാന്‍ തണുത്ത സാഹചര്യങ്ങള്‍ ഇഷ്ടപ്പെടുന്ന ഇവ യൂറോപ്പിന്റെ വടക്കന്‍ സമുദ്രമേഖലയിലും ആര്‍ട്ടിക് മേഖലയിലും ധാരാളമായുണ്ട്. 30 അടി വരെ നീളം വയ്ക്കുന്ന ഇവയുടെ പ്രിയഭക്ഷണം കൊഞ്ചും ചെറിയ മീനുകളുമൊക്കെയാണ്.