Sunday, April 28, 2024
indiaNewsworld

മലാലയ്ക്ക് വീണ്ടും വധഭീഷണിയുമായി താലിബാന്‍ ഭീകരന്‍.

നൊബേല്‍ സമ്മാനജേതാവായ മലാല യൂസഫ്സായിയെ വധിക്കാന്‍ ശ്രമിച്ച താലിബാന്‍ ഭീകരന്‍ വീണ്ടും വധഭീഷണിയുമായി രംഗത്ത്. എഹ്സാനുള്ള എസ്ഹാന്‍ എന്ന ഭീകരനാണ് ട്വിറ്ററിലൂടെ വധഭീഷണി മുഴക്കിയത്. ഇത്തവണ ഉന്നം പിഴയ്ക്കില്ലെന്ന് ഉറുദു ഭാഷയിലുള്ള ട്വീറ്റില്‍ പറയുന്നു. നീയും നിന്റെ പിതാവും വീട്ടിലേക്ക് തിരിച്ചുവരണമെന്നും ചില ഒത്തുതീര്‍പ്പുകള്‍ നടപ്പാക്കാനുണ്ടെന്നും ഈ ട്വീറ്റില്‍ പറയുന്നുണ്ട്. ഭീഷണിക്ക് പിന്നാലെ ട്വിറ്റര്‍ ഈ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. 2012ലാണ് ഇയാള്‍ മലാലയെ വെടിവച്ച് കെല്ലാന്‍ ശ്രമിച്ചത്. പെഷവാര്‍ സ്‌കൂള്‍ ഭീകരാക്രമണമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഇയാളെ 2017ല്‍ പിടികൂടിയെങ്കിലും 2020ല്‍ ജയില്‍ ചാടുകയായിരുന്നു.അതേസമയം എഹ്സാനുള്ള എങ്ങനെയാണ് സര്‍ക്കാരിന്റെ തടങ്കലില്‍ നിന്ന് രക്ഷപെട്ടതെന്ന് പാകിസ്താന്‍ സൈന്യവും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വിശദീകരിക്കണമെന്ന് മലാല ട്വീറ്റ് ചെയ്തു. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കായിരുന്നു എഹ്സാന്റെ കസ്റ്റഡി ചുമതല. എഹ്സാന്റെ രക്ഷപെടലിനെ കുറച്ച് ആഗോള തലത്തില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. രക്ഷപെട്ടതിന് പിന്നാലെ ഇയാള്‍ പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖം അനുവദിക്കുകയും ചെയ്തിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ആശയവിനിമയം നടത്തിയത്. ഈ അക്കൗണ്ട് പൂര്‍ണമായും ഒഴിവാക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് റൗഫ് ഹസന്‍ പറഞ്ഞു.