Sunday, April 28, 2024
HealthkeralaNews

നിപ : സ്ഥിരീകരണമായില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കോഴിക്കോട്: നിപ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധന ഫലം വന്നില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പുനെയില്‍ നിന്നുള്ള പരിശോധന ഫലം കിട്ടിയിട്ടില്ലെന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. അഞ്ച് സാമ്പിളുകളുടെ പരിശോധന ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.                                               ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. മരിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 2018 ല്‍ 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപത്ത് തന്നെയുള്ള മരുതോങ്കര പഞ്ചായത്തിലെ 49 കാരനും ആയഞ്ചേരി പഞ്ചായത്തിലെ 40കാരനുമാണ് നിപ്പ രോഗലക്ഷണങ്ങളോടെ ഒരാഴ്ചക്കിടെ മരിച്ചത്.                                                                                    മരുതോങ്കര സ്വദേശിയുടെ രണ്ട് മക്കളും ഭാര്യ സഹോദരനും സഹോദരന്റെ പത്ത് മാസമുള്ള കുട്ടിയും നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ 28 ന് കടുത്ത പനിയും ന്യൂമോണിയയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ച ഇയാള്‍ രണ്ട് ദിവസത്തിന് ശേഷം ഇവിടെ വെച്ച് മരിക്കുകയായിരുന്നു.                                              കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്ക് പൂനയിലെ വൈറോളജി ലാബില്‍ നിപ സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. സാമ്പിളുകള്‍ അയച്ച കാര്യം കേന്ദ്രമന്ത്രിയെ അറിയിച്ചിരുന്നു.                                                                                   ഇക്കാര്യമാകാം കേന്ദ്രമന്ത്രി പറഞ്ഞതെന്നാണ് വീണ ജോര്‍ജ് പ്രതികരിച്ചത്. സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചുവെന്ന കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു വീണ ജോര്‍ജിന്റെ പ്രതികരണം.