Monday, April 29, 2024
keralaNews

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി എന്റോള്‍ ചെയ്ത് പത്മലക്ഷ്മി.

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി എന്റോള്‍ ചെയ്ത് പത്മലക്ഷ്മി. ഇന്നലെ 1528 അഭിഭാഷകരാണ് എന്റോള്‍ ചെയ്തത്. നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാവുകയാണ് ലക്ഷ്യമെന്ന് പത്മലക്ഷ്മി പറഞ്ഞു.എന്റോള്‍ ചെയ്ത പത്മലക്ഷ്മി കൂടെ നിന്ന എല്ലാവരോടും നന്ദി പറഞ്ഞു.അഭിഭാഷകയാകുകയെന്ന ആഗ്രഹം ചെറുപ്പം മുതലുണ്ടായിരുന്നു. 2019ല്‍ എറണാകുളം ഗവ. ലോ കോളേജില്‍ നിയമപഠനത്തിനെത്തി. ഭൗതികശാസ്ത്രത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിനുശേഷമായിരുന്നു ഇത്. എല്‍എല്‍ബി അവസാന വര്‍ഷമാണ് അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെക്കുറിച്ച് കൃത്യമായി സംസാരിക്കുന്നത്. കേള്‍ക്കുമ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമോ എന്ന് പേടിയുണ്ടായിരുന്നു.എന്നാല്‍,’എന്തുകാര്യവും നീ ഞങ്ങളോടാണ് പറയേണ്ടതെന്ന്’ പറഞ്ഞ് അച്ഛന്‍ മോഹനകുമാറും അമ്മ ജയയും പത്മയ്ക്ക് പൂര്‍ണപിന്തുണ നല്‍കിയെന്നും പത്മലക്ഷ്മി പറയുന്നു.
പത്മലക്ഷ്മിയ്ക്ക് അഭിനന്ദനവുമായി മന്ത്രി പി. രാജീവ്. നീതിക്കായുള്ള പോരാട്ടത്തില്‍ ഏത് ഭാഗത്ത് നില്‍ക്കണമെന്ന് കടന്നുവന്ന വഴികള്‍ പത്മലക്ഷ്മിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള കൂടുതല്‍ പേര്‍ക്ക് ഇത് പ്രചോദനമാകട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.