Friday, May 3, 2024
HealthkeralaNews

വാക്സീനായി ഇന്നും തിരക്ക്; റജിസ്‌ട്രേഷനുള്ള നിര്‍ദേശങ്ങള്‍ ഇങ്ങനെ:

സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമം രൂക്ഷമായിരിക്കെ വാക്സീനായി ഇന്നും തിരക്ക്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ എത്തിയവരുടെ വന്‍ തിരക്ക്. റജിസ്‌ട്രേഷന്‍ ഓണ്‍ലൈനാക്കിയതറിയാതെ സ്‌പോട്ട് റജിസ്‌ട്രേഷന്‍ നടത്താനെത്തിയവര്‍ വലഞ്ഞു. ഇതു വാക്കു തര്‍ക്കത്തിനും ഇടയാക്കി. ആശുപത്രിയില്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സംബന്ധിച്ച നോട്ടിസ് പതിപ്പിക്കുകയോ നിര്‍ദേശം ലഭിക്കുകയോ ചെയ്തില്ലെന്നു പരാതി ഉയര്‍ന്നു.

രണ്ടാം ഡോസെടുക്കാനെത്തിയവരും ബുദ്ധിമുട്ടി. ആദ്യ ഡോസെടുത്ത് 56 ദിവസം കഴിഞ്ഞവര്‍ക്കു മുന്‍ഗണന നല്‍കാമെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതിനുശേഷം ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കു വാക്‌സിന്‍ നല്‍കാമെന്നും പൊലീസ് നിര്‍ദേശിച്ചു. പിന്നീട് റജിസ്‌ട്രേഷനില്ലാതെ രണ്ടാം ഡോസ് നല്‍കാന്‍ തീരുമാനിച്ചതോടെ പ്രശ്‌നപരിഹാരമായി.

 

 റജിസ്‌ട്രേഷനുള്ള നിര്‍ദേശങ്ങള്‍     ഇങ്ങനെ:

  • ഏപ്രില്‍ 22 മുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ വഴി മാത്രമായിരിക്കും ലഭിക്കുക. സ്പോട്ട് റജിസ്ട്രേഷന്‍ ഉണ്ടാകില്ല. ക്യൂ ഒഴിവാക്കാനായി, റജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ കോവിഡ് വാക്സിനേഷന്‍ സെന്ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യൂ.
  • കോവിഡ് വാക്സിനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കു സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന റജിസ്ട്രേഷന്‍ നടത്തുന്നതിനു ജില്ലകള്‍ മുന്‍കൈയെടുക്കണം.
  • സര്‍ക്കാര്‍, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ ലഭ്യതയെ അടിസ്ഥാനമാക്കി കോവിന്‍ വെബ് സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്നു ജില്ലകള്‍ ഉറപ്പുവരുത്തണം.
  • വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ കോവിഷീല്‍ഡിന്റേയും കോവാക്സിന്റേയും ലഭ്യതയനുസരിച്ച് പ്ലാന്‍ ചെയ്യുകയും ആ വിവരം പൊതുജനങ്ങളെ അറിയിക്കുകയും വേണം.
  • 45 വയസിനു മുകളിലുള്ള പൗരന്‍മാര്‍ക്ക് ഒന്നാമത്തേതും രണ്ടാമത്തേയും കോവിഡ് വാക്സിന്‍ സമയബന്ധിതമായി നല്‍കണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും രണ്ടാം ഡോസ് നല്‍കണം.

നിലവില്‍ ഒരു ലക്ഷം ഡോസ് വാക്സീന്‍ മാത്രമാണ് സംസ്ഥാനത്ത് അവശേഷിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ കുത്തിവയ്പ് പൂര്‍ണമായും മുടങ്ങി.