Sunday, May 5, 2024
keralaNews

ചരിത്രത്തില്‍ ആദ്യമായി തന്റെ മുന്നണിക്ക് ഭരണത്തുടര്‍ച്ച നേടിക്കൊടുത്ത ജനനായകന് ഇന്ന് പിറന്നാള്‍.

കേരളത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി തന്റെ മുന്നണിക്ക് ഭരണത്തുടര്‍ച്ച നേടിക്കൊടുത്ത ജനനായകന് ഇന്ന് പിറന്നാള്‍. പതിനഞ്ചാം നിയമസഭാ സമ്മേളനം ചേരുന്ന അന്നുതന്നെയാണ് ഈ പിറന്നാള്‍ ദിനം വരുന്നതെന്ന സവിശേഷതയും ഇത്തവണയുണ്ട്. 1945 മേയ് മാസം 24ാം തീയതിയാണ് കണ്ണൂര്‍ പിണറായിയില്‍ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകനായി വിജയന്‍ എന്ന ഇന്നത്തെ പിണറായി വിജയന്റെ ജനനം.അഞ്ച് വര്‍ഷം മുന്‍പ് ഇടതുമുന്നണി മികച്ച വിജയം നേടിയതിന്റെ പിറ്റേന്നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം വന്നിരുന്നത്. അന്ന് തന്റെ യഥാര്‍ത്ഥ ജനനതീയതി മേയ് 24ആണെന്ന വിവരം അദ്ദേഹം കേരളജനതയോട് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഔദ്യോഗിക രേഖയില്‍ ഇത് മാര്‍ച്ച് 21നായിരുന്നു.

ഒരു സാധാരണ തൊഴിലാളി കുടുംബത്തില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും അവിടെ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കുമുളള ആ ജീവിതപ്രയാണം കഠിനതകള്‍ നിറഞ്ഞത് തന്നെയായിരുന്നു.1998ല്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്നാണ് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തെത്തുന്നത്. നിലപാടുകളിലെ കണിശതയും കൃത്യതയും നീണ്ട 16 വര്‍ഷം ആ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. തുടര്‍ന്ന് 2016ലെ തിരഞ്ഞെടുപ്പില്‍ 91 സീറ്റുകള്‍ നേടി ഇടത് മുന്നണി അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി. സംസ്ഥാനം നേരിട്ട മഹാ പ്രതിസന്ധികള്‍ ശക്തമായ നേതൃപാടവത്താല്‍ അദ്ദേഹം മറികടന്നു.

2017ലെ ഓഖി ദുരന്തം, 2018ലും 2019ലും കേരളം നേരിട്ട മഹാപ്രളയങ്ങള്‍, നിപ, 2020ലും ഇപ്പോഴും തുടരുന്ന കൊവിഡ് ഇവയെല്ലാം കൈകാര്യം ചെയ്യാന്‍ മികച്ച രീതിയില്‍ സംഘടനാ, സംസ്ഥാന സംവിധാനങ്ങളെ പ്രാപ്തമാക്കാനും മുഖ്യമന്ത്രി എന്ന നിലയിലും ഇടത്മുന്നണി നേതാവ് എന്ന നിലയിലും അദ്ദേഹത്തിന് കഴിഞ്ഞു.വിവാദങ്ങളുടെ അലകള്‍ തുടരെയുണ്ടായപ്പോഴും അതെല്ലാം മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞടുപ്പിലും തന്റെ മുന്നണിയെ വിജയത്തിലെത്തിക്കാനും കേരളത്തിനെ ദേശീയ തലത്തില്‍ നമ്പര്‍ വണായി തന്നെ നിലനിര്‍ത്താനും കഴിഞ്ഞത് തീക്ഷ്ണമായ ജീവിതാനുഭവത്തിലും പതാറാത്ത ആ മനകരുത്തിന്റെ ബലത്തിലാണ്.