Monday, May 6, 2024
keralaNewspolitics

എച്ച്ആര്‍ഡിഎസിനെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് സെക്രട്ടറി

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജോലി നല്‍കിയതിന്റെ പേരില്‍ സന്നദ്ധ സംഘടനയായ എച്ച്ആര്‍ഡിഎസിനെ
പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ ആരോപിക്കുന്നത്. എച്ച്ആര്‍ഡിഎസ് ഓഫീസുകളില്‍ നിരന്തരം റെയ്ഡ് നടത്തി ഉപദ്രവിക്കുകയാണ്. എച്ച്ആര്‍ഡിഎസിനെ സര്‍ക്കാര്‍ എന്തിന് ഭയക്കുന്നുവെന്നും, സ്വപ്ന സുരേഷിന് ജോലി നല്‍കിയത് മുതല്‍ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അജി കൃഷ്ണന്‍ ആരോപിച്ചു. അസം, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ത്രിപുര, ഝാര്‍ഖണ്ഡ് ഉള്‍പ്പടെയുള്ള ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി എന്ന എച്ച്ആര്‍ഡിഎസ്സ് 1995 ലാണ് രൂപീകൃതമാകുന്നത്. സംഘടന ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാന്‍ എസ്‌സി എസ്ടി കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി വീട് നിര്‍മിച്ചു നല്‍കുന്നതില്‍ നിന്ന് എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസിനെ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രകൃതിക്ക് ഇണങ്ങാത്ത വീടുകള്‍ നിര്‍മിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എച്ച്ആര്‍ഡിഎസിന് ഒറ്റപ്പാലം സബ് കളക്ടര്‍ നിര്‍മാണ വിലക്ക് ഏര്‍പ്പെടുത്തിയത്. തൊട്ടുപിന്നാലെ അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കുകയും ചെയ്തു. പ്രീഫാബ് മെറ്റീരിയല്‍ ഉപയോഗിച്ചുള്ള വീട് നിര്‍മാണം ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്നാണ് ഉത്തരവിലെ വിശദീകരണം.