Sunday, May 19, 2024
indiaNewsObituary

അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു.

കന്യാകുമാരി :കന്യാകുമാരി ജില്ലയിലെ ലെമുര്‍ ബീച്ചില്‍ കടല്‍ത്തിരയില്‍പെട്ട് രണ്ട് യുവതികളടക്കം അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. മത്സ്യ തൊഴിലാളികള്‍ രക്ഷിച്ച മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പെട്ടവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്. എല്ലാവരും അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്.

ഡിണ്ടിഗല്‍ ഒട്ടച്ചത്തിരം സ്വദേശി മുരുഗേഷന്റെ മകന്‍ പ്രവീണ്‍ ശ്യാം (24), നെയ്വേലി സ്വദേശി ബാബുവിന്റെ മകള്‍ ഗായത്രി (24), തഞ്ചാവൂര്‍ സ്വദേശി ദുരൈ സെല്‍വന്റെ മകള്‍ ചാരുകവി(23), ആന്ധ്രാപ്രദേശ് സ്വദേശി വെങ്കടേഷ് (24), കന്യാകുമാരി സ്വദേശി പശുപതിയുടെ മകന്‍ സര്‍വ ദര്‍ശിത് (23) എന്നിവരാണ് മരിച്ചത്. തേനി, പെരിയകുളം, തായി കോളനി സ്വദേശി രാജാവേലിന്റെ മകള്‍ പ്രീതി പ്രിയങ്ക (23), കരൂര്‍ സ്വദേശി സെല്വകുമാറിന്റെ മകള്‍ നെസി (24), മധുര സ്വദേശി ശ്രീനിവാസന്റെ മകള്‍ ശരണ്യ (24) എന്നിവരാണ് നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

തിരുച്ചി എസ്ആര്‍എം കോളേജിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് എല്ലാവരും. തിങ്കള്‍ രാവിലെ 10 ന് ആയിരുന്നു സംഭവം.നാഗര്‍കോവിലിന് സമീപം ഗണപതിപുരത്തിനടുത്താണ് ലെമുര്‍ ബീച്ച്. ഞായറാഴ്ച ഒരു വിവാഹത്തിന് എത്തിയ സംഘം ചെറു സംഘങ്ങളായി പിരിഞ്ഞാണ് ബീച്ചില്‍ എത്തിയത്.കടല്‍ക്കരയില്‍ ആരും ഇറങ്ങരുതെന്ന നിര്‍ദ്ദേശം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ലംഘിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ ബീച്ചിലേക്ക് എത്തിയത്.

രാക്ഷസ തിരമാലയില്‍ പെട്ട് എട്ടുപേരും കടലിനുള്ളിലേക്ക് പോയത് കണ്ടിരുന്ന മത്സ്യബന്ധന തൊഴിലാളികള്‍ എല്ലാ പേരയും രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളെ പരിശോധിച്ച ഡോക്ടര്‍ അഞ്ചുപേര്‍ നേരത്തെ തന്നെ മരിച്ചിരുന്നതായി അറിയിച്ചു. മറ്റ് മൂന്നുപേരും ആശുപത്രിയിലെ തീവ്രപരിചാരണ വിഭാഗത്തിലാണ്.

സംഭവസ്ഥലത്തും, ആശുപത്രിയിലും ജില്ലാ പൊലീസ് മേധാവി സുന്ദരവധനം നേരില്‍ എത്തി പരിശോധന നടത്തി. തുടര്‍ന്ന് ബീച്ച് താല്‍ക്കാലികമായി അടയ്ക്കുകയും, വിനോദസഞ്ചാരികള്‍ക്ക് ബീച്ചിലേക്ക് ഇറങ്ങാന്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.