Saturday, May 4, 2024
keralaNews

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആറു മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആറു മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. പോളിങ് ശതമാനം അന്‍പതിനോട് അടുക്കുന്നു.തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് വിധിയെഴുതുന്നത്.വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.മറ്റുള്ളവരുടെ പോളിങ് അവസാനിച്ചശേഷമാകും കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്.രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും.അഞ്ച് ജില്ലകളിലായി അന്‍പതോളം ബൂത്തുകളില്‍ വോട്ടിങ്ങ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് പോളിങ്ങ് ആദ്യമണിക്കൂറില്‍ തടസപ്പെട്ടു. കൊല്ലത്ത് സി.പി.എം ചിഹ്നം പതിച്ച മാസ്‌കുമായെത്തിയ പ്രിസൈഡിങ് ഓഫീസറെ മാറ്റി. തിരുവനന്തപുരം കാട്ടാക്കടയില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. റാന്നിയില്‍ വോട്ടുചെയ്തിറങ്ങിയ തൊണ്ണൂറുകാരനും ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ വോട്ടുചെയ്യാനെത്തിയ അറുപത്തിയെട്ടുകാരനും കുഴഞ്ഞുവീണ് മരിച്ചു. മത്തായി, ബാലന്‍ എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യന്ത്രത്തകരാര്‍ വളരെ കുറവാണ്. എങ്കിലും തിരുവനന്തപുരത്ത് 13ഉം ആലപ്പുഴയില്‍ 14ഉം കൊല്ലത്ത് 12 ഉം പത്തനംതിട്ടയില്‍ 8ഉം ഇടുക്കിയില്‍ നാലിടങ്ങളിലും ആദ്യ മണിക്കൂറില്‍ പണിമുടക്കി. പലയിടത്തും ഒരു മണിക്കൂര്‍ വരെ പൊളിങ്ങ് തടസപ്പെട്ടെങ്കിലും 10 മണിയോടെ എല്ലായിടത്തും വോട്ടെടുപ്പ് സുഗമമായി.